KeralaNEWS

സ്വപ്‌നയുടെ മൊഴി ഇ.ഡിക്ക് നല്‍കില്ല: കസ്റ്റംസ് എതിര്‍ത്തു; അപേക്ഷ തള്ളി കോടതി

ഗൂഢാലോചന കേസില്‍ സരിത്തിനെ പോലീസ് ചോദ്യംചെയ്തു.

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് നല്‍കാനാവില്ലെന്ന് കോടതി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാകില്ലെന്നു വ്യക്തമാക്കി കോടതി അപേക്ഷ തള്ളിയത്.

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി വ്യാഴാഴ്ച രാവിലെ വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന കാര്യം അറിയിച്ച കസ്റ്റംസ് അഭിഭാഷകന്‍ ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമര്‍ശിച്ചു. നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. തുടര്‍ന്നാണ് മൊഴി വേണമെന്ന ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്.

Signature-ad

നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളില്‍ നിന്നുള്ള കമ്മീഷന്‍ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.

അതിനിടെ, സ്വപ്ന സുരേഷ്, പി.സി. ജോര്‍ജ് എന്നിവര്‍ പ്രതികളായ ഗൂഢാലോചന കേസില്‍ സരിത്തിനെ പോലീസ് ചോദ്യംചെയ്തു. കൊച്ചി പോലീസ് ക്ലബില്‍ രാവിലെ മുതലായിരുന്നു ചോദ്യംചെയ്യല്‍. മൊഴികള്‍ പരിശോധിച്ച ശേഷം സരിത്തിനെ കേസില്‍ പ്രതിചേര്‍ക്കണമോ എന്നതിലടക്കം പോലീസ് തീരുമാനമെടുക്കും. നേരത്തെ ഇതേ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി സ്വപ്ന സുരേഷും വ്യാഴാഴ്ച ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി.

Back to top button
error: