NEWSWorld

18 അടി നീളം, 94 കിലോ തൂക്കം; ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍

നേപ്പിള്‍സ് (ഫ്ളോറിഡ): ഫ്ളോറിഡയില്‍ പൈതോണിനെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പതിനെട്ട് അടിയോളം വലിപ്പവും, 94 കിലോ തൂക്കവുമുള്ള െപരുമ്പാമ്പിനെ പിടികൂടി. ഫ്ളോറിഡയില്‍ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളില്‍ വെച്ച് ഏറ്റവും വലിയതാണിത്. പൈതോണിന് 20 അടി വരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെപിടികൂടിയത്. ഇതിന് മുമ്പ് പിടികൂടിയ പൈതോണിന് ഈ പൈതോണിനേക്കാള്‍ 30 പൗണ്ട് തൂക്കം കുറവായിരുന്നു. സാധാരണ ഫ്ളോറിഡയില്‍ പിടികൂടുന്ന പൈതോണിന് ആറ് മുതല്‍ 10 അടി വരെയാണ് വലിപ്പം.

സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970 ലാണ് ഫ്ളോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിങ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കാറുണ്ട്. എവര്‍ഗ്ലേഡ്സിലെയും സമീപ പ്രദേശങ്ങളിലെയും വിശാലമായ ചതുപ്പുനിലങ്ങള്‍, വനപ്രദേശങ്ങള്‍, ഉപ ഉഷ്ണമേഖലാ വനങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ ഉണ്ടെങ്കിലും ഇവയെ കണ്ടെത്താന്‍ വളരെ പ്രയാസമാണ്.

Signature-ad

ആക്രമണകാരികളായ ഇവയുടെ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തില്‍, നേപ്പിള്‍സ് ആസ്ഥാനമായുള്ള കണ്‍സര്‍വേന്‍സി ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ലോറിഡയിലെ പൈത്തണ്‍ ട്രാക്കറുകള്‍, ആണ്‍ പെരുമ്പാമ്പുകള്‍ക്കുള്ളില്‍ ജിപിഎസ്് ട്രാക്കറുകള്‍ സ്ഥാപിക്കുകയും തുടര്‍ന്ന് ഈ ‘സ്‌കൗട്ട് പാമ്പുകളെ’ കാട്ടിലേക്ക് അയക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇതു വഴി പെണ്‍ പാമ്പുകളെ കണ്ടെത്തുന്നു.

‘വലിയ പ്രത്യുത്പാദനശേഷിയുള്ള പെണ്‍ പെരുമ്പാമ്പുകളെ ഈ ആവാസവ്യവസ്ഥകളില്‍ നിന്ന് നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്,’ കാരണം അവയ്ക്ക് നിരവധി സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനിലെ ജീവശാസ്ത്രജ്ഞയായ സാറാ ഫങ്ക് പറയുന്നു.

Back to top button
error: