വീട്ടിലെ പഴയ ഫ്രിഡ്ജും എയർകണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങാൻ സർക്കാർ സബ്സിഡി ലഭിച്ചാലോ, എപ്പോൾ മാറ്റിയെന്ന് ചോദിച്ചാൽ മതിയല്ലേ. അങ്ങനെ ഒരു അവസരം കിട്ടിയിരിക്കുന്നത് ഗ്രീക്ക് ജനതയ്ക്കാണ്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്.
മറ്റ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ, ഗ്രീസിനെയും കുതിച്ചുയരുന്ന ഊർജ ചെലവ് പിടിമുറുക്കുകയാണ്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ പ്രവണത കൂടുതൽ വഷളായി വരികയാണ്. കഴിഞ്ഞ വർഷം മുതൽ, സബ്‌സിഡികൾ ഉൾപ്പെടെ ഏകദേശം 7 ബില്യൺ യൂറോയുടെ മൊത്തം ചിലവിൽ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ഗ്രീക്ക് കുടുംബങ്ങൾക്ക് മൂന്ന് പുതിയ, കൂടുതൽ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ – എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ ഫ്രീസറുകൾ – വാങ്ങാം. കൂടാതെ ഓരോ ഉപകരണത്തിനും വിലയുടെ 30% മുതൽ 50% വരെ സബ്‌സിഡി ലഭിക്കുമെന്ന് ഊർജ മന്ത്രി കോസ്റ്റാസ് സ്‌ക്രെകാസ് ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ സംരംഭത്തിന് 150 മില്യൺ യൂറോ (158 മില്യൺ ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. ഇതിന് യൂറോപ്യൻ യൂണിയൻ ഫണ്ടുകളിൽ നിന്ന് ധനസഹായം ലഭിക്കും.