മലയാളി ഡാ… ഡേറ്റിംഗ് ആപ്പില്‍ യുവാവ് തപ്പിയത് യോജിച്ച പങ്കാളിയെ അല്ല, പിന്നെയോ ?
ഡേറ്റിംഗ് ആപ്പുകളെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. യോജിച്ച പങ്കാളിയെ കണ്ടെത്താന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണ് ഡേറ്റിംഗ് ആപ്പുകള്‍. കേരളം അടക്കം മിക്കയിടങ്ങളിലും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരിക തന്നെയാണ്. എന്നാലിവിടെയിതാ ഒരു യുവാവ് ഡേറ്റിംഗ് ആപ്പിലൂടെ പങ്കാളിക്ക് പകരം വീട് തപ്പി ഇറങ്ങിയിരിക്കുകയാണ്. മുംബൈയിലാണ് സംഭവം. മലയാളി യുവാവാണ് മുംബൈയില്‍ വീട് നോക്കാനായി ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത്.
ബ്രോക്കര്‍ ചാര്‍ജ് ഒഴിവാക്കാനാണ് വീട് നോക്കാന്‍ ഇദ്ദേഹം ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സൂചന. ‘ബമ്പിള്‍’ എന്ന ആപ്പില്‍ യുവാവ് ചേര്‍ത്തിരിക്കുന്ന വിശദാംശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.
‘സാപിയോ സെക്ഷ്വല്‍ അല്ല, മുംബൈയില്‍ ഒരു ഫ്‌ളാറ്റ് നോക്കുന്നു’എന്നാണ് നേരിട്ട് തന്നെ യുവാവ് ബയോയില്‍ എഴുതിയിരിക്കുന്നത്. ഇതിന് ശേഷം തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ട് മുംബൈയിലുള്ള, സഹായമനസ്‌കരായ ആളുകള്‍ക്ക് വെസ്റ്റേണ്‍ ലൈനില്‍ വാടകയ്ക്ക് വീട് സംഘടിപ്പിക്കാന്‍ തന്നെ സഹായിക്കാം എന്നും ഇദ്ദേഹം എഴുതിച്ചേര്‍ത്തിരിക്കുന്നു. ബ്രോക്കര്‍ ചാര്‍ജ് ആവശ്യമില്ലാത്ത അന്ധേരിയിലുള്ള പ്രോപ്പര്‍ട്ടികളുടെ വിശദാംശങ്ങള്‍ തനിക്ക് അയച്ചുതരുമോയെന്ന് ആപ്പിലെ ഒരു ചോദ്യത്തിന് ഉത്തരമായും കുറിച്ചിരിക്കുന്നു.
സംഭവം വൈറലായതോടെ വിഭിന്നമായ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയാണ് സോഷ്യല്‍ മീഡിയ യൂസേഴ്‌സ്. യുവാവ് ആള് മിടുക്കനാണെന്ന് പറയുന്നവരും അതേസമയം ഇതൊക്കെ വലിയ ദുരവസ്ഥയാണെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും വ്യത്യസ്തമായ പരസ്യം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.