എന്നും രാവിലെ ഉണർന്നാൽ നാം തിരയുന്ന ആദ്യത്തെ സാധനങ്ങളിലൊന്ന് ടൂത്ത് ബ്രഷ് ആണ് .
ബ്രഷ് ഉപയോഗിച്ച് പല്ല് തേക്കാതെ മറ്റുള്ളവർക്ക് മുമ്പിൽ വാ തുറക്കാനാകാത്ത വിധം നാം അതിന് അഡിക്റ്റടാണ്.
ആരാണ് അത്രമേൽ നമ്മെ സ്വാധീനിച്ച ആധുനിക രീതിയിലുള്ള ടൂത്ത് ബ്രഷ് കണ്ടുപിടിച്ചത് എന്നറിയേണ്ടെ.
അത് ഇംഗ്ലീഷുകാരനായ വില്യം ആഡിസ് ആണ്
1734-ൽ ഇംഗ്ലണ്ടിലാണ് വില്യം ആഡിസ്
William Addis ജനിച്ചത്,
ലണ്ടനിലെ ക്ലർക്കൻവെല്ലി എന്ന സ്ഥലത്ത് .
വളരെ യാദൃച്ഛികമായാണ് ആഡിസ് ടൂത്ത് ബ്രഷ് കണ്ടുപിടിക്കുന്നത്.
1770-ൽ, സ്പിറ്റൽഫീൽഡിൽ തെരുവിൽ കലാപമുണ്ടാക്കിയതിന് ആഡിസിനെ അധികൃതർ അറസ്റ്റ് ചെയ്തു തടവിലാക്കി
കുറേ മാസങ്ങൾ നീണ്ട ജെയിൽ വാസം.
ജയിലിൽ വെറുതെ കിടക്കുമ്പോൾ , പുറത്ത് തറ തുടയ്ക്കാൻ വന്ന ക്ലീനിംഗ് സ്റ്റാഫ് ചൂൽ ഉപയോഗിച്ച് മുറ്റത്തെ കൽക്കൂട്ടത്തിൽ നിന്ന് മാലിന്യങ്ങൾ തോണ്ടി തോണ്ടി നീക്കം ചെയ്യുന്നത് ആഡിസ് നിരീക്ഷിച്ചു.
അദ്ദേഹത്തിനപ്പോൾ ഒരു ഐഡിയ തോന്നി.
അതാണ് ടൂത്ത് ബ്രഷ് എന്ന കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്..
അക്കാലത്ത് പല്ല് തേക്കാനും പല്ലിട വൃത്തിയാക്കാനും ഉപയോഗിച്ചിരുന്നത് ചതച്ച മരക്കഷണങ്ങൾ അല്ലെങ്കിൽ തുണി ഒക്കെയായിരുന്നു.
അവ ഉപയോഗിച്ച് പല്ലു തേക്കുന്നത് അത്ര ഫലപ്രദമല്ലെന്നും അത് മെച്ചപ്പെടുത്തണമെന്നും ജയിൽവാസക്കാലത്ത് അദ്ദേഹത്തിന് തോന്നിയിരുന്നു.
ജെയിലിൽ ഒരു ദിവസം രാത്രി കഴിക്കാൻ കിട്ടിയ ബീഫ്ക്കറിയിൽ പ്രത്യേക ആകൃതിയുള്ള ഒരു എല്ല് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. ആ എല്ല് അദ്ദേഹം മാറ്റി വച്ചു.
പിറ്റേന്ന് അതിൽ അദ്ദേഹം ചെറിയ ചില ദ്വാരങ്ങൾ തുരന്നു. പിന്നീടതിൽ ഒരു കാവൽക്കാരന്റെ സഹായത്തോടെ സംഘടിപ്പിച്ച ശക്തിയേറിയ പന്നിരോമങ്ങൾ തിരുകി വച്ച് പശ ഉപയോഗിച്ച് ഉറപ്പിച്ചു. അത് വച്ച് പല്ല് തേച്ചപ്പോൾ വായ കൂടുതൽ ശുദ്ധമായ അനുഭവം ഉണ്ടായി.
ജെയിലിൽ നിന്ന് മോചിതനായ ശേഷം, താൻ കണ്ടു പിടിച്ച ടൂത്ത് ബ്രഷുകൾ അല്പം കൂടി മെച്ചപ്പെട്ട രീതിയിൽ നിർമ്മിക്കാനും അത് ഒരു ബിസിനസ്സ് ആക്കി മാറ്റാനും അദ്ദേഹം തീരുമാനിച്ചു
ആഡിസിന്റെ ടൂത്ത് ബ്രഷ് വളരെ വേഗം ഒരു ജനപ്രിയ ഉല്പന്നമായി. താമസിയാതെ അദ്ദേഹം വളരെ സമ്പന്നനായി. ഒറ്റ കണ്ടുപിടുത്തം വഴി കോടീശ്വരനായി അദ്ദേഹം.
മോഡേൺ ടൂത്ത് ബ്രഷിന്റെ ഉപജ്ഞാതാവായി ലോകം ഇന്ന് വില്യം എഡ്വേർഡ് ആഡിസിനെ കണക്കാക്കുന്നു.
അദ്ദേഹം ഒരു ശാസ്ത്രജ്ഞനോ പ്രശസ്തമായ കണ്ടുപിടുത്തക്കാരനോ ആയിരുന്നില്ല.അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം അദ്ദേഹം നടത്തിയ ഒരേയൊരു കണ്ടുപിടുത്തമാണിത്.
പക്ഷേ അദ്ദേഹത്തിന്റെ ഏക കണ്ടുപിടുത്തം പില്ക്കാലത്ത് മനുഷ്യർക്കേറെ പ്രധാനപ്പെട്ടതായി.
1808-ൽ 74 വയസ്സിൽ അദ്ദേഹം മരിച്ചു, അതിനു മുമ്പായി തന്റെ മൂത്ത മകൻ വില്യമിന് അദ്ദേഹം ടൂത്ത് ബ്രഷ് ബിസിനസ് വിട്ടുകൊടുത്തിരുന്നു.
1840-ഓടെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിൽ അവർ ടൂത്ത് ബ്രഷുകൾ വൻതോതിൽ ഉൽപ്പാദിപ്പിച്ചു
വിസ്ഡം ടൂത്ത് ബ്രഷസ് എന്ന പേരിൽ ആണ് വില്യം ആ കമ്പനി നടത്തിയത്.
1996 വരെ ആ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെയായിരുന്നു ആ കമ്പനി
ഇപ്പോഴും യുകെയിൽ പ്രതിവർഷം 70 ദശലക്ഷം ടൂത്ത് ബ്രഷുകൾ നിർമ്മിക്കുന്നുണ്ട് വിസ്ഡം ടൂത്ത് ബ്രഷസ്.