KeralaNEWS

ഇടുക്കിയില്‍ റോഡുപണി തടസപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

വണ്ണപ്പുറം: മുള്ളരിങ്ങാട് -പെങ്ങോട്ടൂര്‍ റോഡുപണി തടസപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മുള്ളരിങ്ങാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.അജയ്ഘോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എ. ഷമീര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ജൂണ്‍ ഒമ്പതിനാണ് ബി.എം.ബി.സി നിലവാരത്തില്‍ റോഡിന്റെ പണിയാരംഭിച്ചത്. എന്നാല്‍ പണി നടത്താനാവില്ലെന്ന തടസവാദങ്ങളുമായി സസ്പെന്‍ഷലായവരുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മതിയായ കാരണമില്ലാതെ ഈ ഉദ്യോഗസ്ഥര്‍ റോഡുപണിക്കായി എത്തിച്ച വാഹനങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

ഇതോടൊപ്പം ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. വനം വകുപ്പധികൃതര്‍ റോഡ് പണി തടസപ്പെടുത്തിയ വിവരമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഫോറസ്റ്റ് സറ്റേഷനിലേക്ക് സംഘടിച്ചെത്തി. തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത വാഹനവും ഡ്രൈവറെയും മോചിപ്പിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റം മൂലം പ്രശ്നം രൂക്ഷമായതോടെ മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വനം മന്ത്രിയുമായി നടത്തിയ ആശയ വിനിമയത്തെത്തുടര്‍ന്നാണ് പ്രശ്നം അവസാനിപ്പിച്ചത്. അന്ന് ഓഫിസില്‍ എത്തിയ ജനപ്രതിനിധികളോട് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും മോശമായാണ് പെരുമാറിയതെന്ന ആക്ഷേപവുമുണ്ട്.

Signature-ad

സംഭവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന് 18 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതിയിലെ പതിനൊന്ന് അംഗങ്ങള്‍ക്കും ഏഴ് പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതില്‍ പൊതുപ്രവര്‍ത്തകനായ എടപ്പാട്ട് സണ്ണിയെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിക്കും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സസ്പെന്‍ഷന്‍ നടപടി.

രമ്യതയില്‍ പരിഹരിക്കാമായിരുന്ന പ്രശ്നം വഷളായത് ഇവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചമൂലമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഏതാനും ചില വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രവനം പരിസ്ഥിതി നിയമം ദുരുപയോഗം ചെയ്ത് തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡുനിര്‍മാണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും അനധികൃതമായി തടയുന്നത് വനം വകുപ്പുദ്യോഗസ്ഥരുടെ സ്ഥിരം നടപടിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Back to top button
error: