KeralaNEWS

പേട്ട – എസ്.എന്‍. ജങ്ഷന്‍ മെട്രോപ്പാതയില്‍ സര്‍വീസിന് അനുമതിയായി

കൊച്ചി: പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള പുതിയ മെട്രോപ്പാതയില്‍ ഈ മാസം തന്നെ സര്‍വീസ് തുടങ്ങും. സര്‍വീസ് തുടങ്ങാന്‍ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണര്‍ ഈ മാസം ഒന്‍പതിനാണ് പരിശോധനകള്‍ക്കായി എത്തിയത്.

സുരക്ഷാ കമ്മിഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന മൂന്നുദിവസം നീണ്ടു. കൊച്ചി മെട്രോ യാത്രാ സര്‍വീസ് തുടങ്ങിയതിന്റെ അഞ്ചാം വര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് പുതിയ റൂട്ടിനും അനുമതി ലഭിക്കുന്നത്.

Signature-ad

എസ്.എന്‍. ജങ്ഷനിലേക്ക് മെട്രോ നീളുന്നത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കും. ഈ വര്‍ഷം ഡിസംബറിനകം പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍.) നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പേട്ട മുതലുള്ള മെട്രോ റൂട്ടിന്റെ നിര്‍മാണം നടക്കുന്നത്. ആലുവ മുതല്‍ പേട്ട വരെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു (ഡി.എം.ആര്‍.സി.). 2019 ഒക്ടോബറിലാണ് പേട്ട-എസ്.എന്‍. ജങ്ഷന്‍ നിര്‍മാണം തുടങ്ങിയത്. ഇനി തൃപ്പൂണിത്തുറ ടെര്‍മിനലിലേക്കും മെട്രോ നീളും. ഇതിന്റെ നിര്‍മാണം അടുത്തവര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും.

* പേട്ട-എസ്.എന്‍. ജങ്ഷന്‍ ദൂരം 1.8 കിലോമീറ്റര്‍.

* 2 സ്റ്റേഷനുകള്‍ – വടക്കേക്കോട്ട, എസ്.എന്‍. ജങ്ഷന്‍

* വടക്കേക്കോട്ടയിലേത് മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനാണ്. 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം.

* നിര്‍മാണച്ചെലവ് 453 കോടി രൂപ.

* സ്ഥലം ഏറ്റെടുത്തതിന് 99 കോടി രൂപ.

* പുതിയ റൂട്ട് പൂര്‍ത്തിയാകുന്നതോടെ മെട്രോയുടെ ആകെ സ്റ്റേഷനുകള്‍ 24 ആകും.

 

Back to top button
error: