NEWS

യോഗി ആദിത്യനാഥിനെതിരെ ഉമാഭാരതി ,പോലീസ് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കിയെന്നു വിമർശനം

ഉത്തർ പ്രദേശ് പോലീസ് സർക്കാരിന്റെ പ്രതിച്ഛായ നഷ്ടമാക്കിയെന്നു ബിജെപി നേതാവ് ഉമാഭാരതി .കോവിഡ് ചികിത്സയിൽ കഴിയുന്ന ഉമാഭാരതി ട്വിറ്ററിലൂടെയാണ് ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ചത് .

9 ട്വീറ്റുകൾ ആണ് ഉമാഭാരതി തുടതുടരെ ഉത്തർ പ്രദേശ് സർക്കാരിനെതിരെ തൊടുത്തത് .പെൺകുട്ടിയുടെ കുടുംബത്തിനെതിരെ പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെയും ഉമാഭാരതിയുടെ വിമർശനം ഉണ്ട് .

Signature-ad

“അവൾ ഒരു ദളിത് യുവതി ആയിരുന്നു .പൊലീസാണ് അവളുടെ മൃതദേഹം സംസ്കരിച്ചത് .ഇപ്പോൾ അവളുടെ കുടുംബം പോലീസിന്റെ തടവിലും .”ഉമാഭാരതി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു .

“ആദ്യം ഞാനൊന്നും താങ്കളോട് പറയേണ്ട എന്നാണ് കരുതിയത് .താങ്കൾ നടപടി എടുക്കുമെന്ന് വിശ്വസിച്ചു .എന്നാൽ ആ ഗ്രാമം പോലീസ് വളയുകയും ഇരയുടെ കുടുംബം തടവിലാക്കപ്പെട്ട പോലെ ആവുകയും ചെയ്ത സാഹചര്യത്തിൽ ആണ് പ്രതികരണം .”ഉമാഭാരതി ട്വിറ്ററിലൂടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പറഞ്ഞു .

“പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കുമ്പോൾ ഇരയുടെ കുടുംബം ആരെയും കാണരുത് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല .അത് ആ അന്വേഷണത്തെ സംശയത്തോടെ കാണാൻ മാത്രമേ ഉപകരിക്കൂ .”ഉമാഭാരതിയുടെ മറ്റൊരു ട്വീറ്റ്.

“താങ്കൾക്ക് മികച്ച പ്രതിച്ഛായ ഉണ്ട് .ഇരയുടെ കുടുംബത്തെ കാണാൻ മാധ്യമങ്ങളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും അനുവദിക്കൂ .”ഉമാഭാരതി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു .

“കോവിഡ് ചികിത്സയിൽ അല്ലായിരുന്നെങ്കിൽ ഞാനും ആ കുടുംബത്തോടൊപ്പം ചേർന്നേനെ .രോഗം മാറിയാൽ ഞാൻ അവിടെ പോകും .ഞാൻ താങ്കളേക്കാൾ സീനിയർ ആണ് ,മൂത്ത സഹോദരിയെ പോലെ .എന്റെ അഭ്യർത്ഥന തള്ളിക്കളയരുത് .”ഉമാ ഭാരതി ട്വിറ്ററിൽ കുറിച്ചു.

പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ആരെയും അനുവദിക്കാത്ത പോലീസ് നിലപാടിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ പ്രതിപക്ഷ കക്ഷികളിൽ നിന്നുണ്ടായിരുന്നു .വിമർശനം ശക്തമായതോടെ ഇരയുടെ കുടുംബത്തെ കാണാൻ പോലീസ് മാധ്യമങ്ങൾക്ക് അനുമതി നൽകി .

എന്നാൽ രാഷ്ട്രീയ നേതാക്കൾക്ക് ഇതുവരെ ഹത്രാസിലേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല .പക്ഷെ രാഹുൽ ഗാന്ധി എംപിമാരോടൊപ്പം ഹത്രാസ് സന്ദർശിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട് .

Back to top button
error: