കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വച്ചു നടന്ന അനിഷ്ട സംഭവങ്ങളില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ ചെന്നതും ഇ.പി.ജയരാജന് അവരെ തള്ളിമാറ്റിയതുമാണ് വിവാദമായത്.
പക്ഷേ ഇ.പി ജയരാജന് രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്തെന്നാണ് ട്വിറ്ററിലൂടെ ഹൈബി ഈഡന് ഉന്നയിച്ച പരാതി. ഇത് പരിശോധിച്ച് നടപടിയെടുക്കും എന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടിയും നല്കി.
‘മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തത്, പുതിയ ഇന്ത്യയില്‍ നീതി ചിലര്‍ക്ക് മാത്രമാണോ…’ അറസ്റ്റ് ജയരാജന് എന്ന ഹാഷ്ടാഗോട് കൂടിയാണ് ഹൈബി പരാതി ഉന്നയിച്ചത്.
സിന്ധ്യ, ഇന്‍ഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യും..’ എന്നായിരുന്നു ജ്യോതിരാദിത്യസിന്ധ്യയുടെ മറുപടി.
അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പരാതിക്കാരനുമായ അനില്‍കുമാറിനെയും കൂട്ടി പൊലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പൊലീസ് മഹസര്‍ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ് എന്നിവരാണ് ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. ഇവരെ ഇ.പി ജയരാജന് സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.
ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാന്‍ ഇന്‍ഡിഗോ റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി രൂപീകരിച്ചു. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. സംഭവത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പരാതി നല്‍കിയിട്ടുണ്ട്.