കാബൂള്‍: താലിബാൻ അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നേരത്തെ ഹമീദ് കർസായി സർക്കാരിനൊപ്പം പ്രവർത്തിച്ചിരുന്ന കബീർ ഹഖ്മലിന്റെ സമീപകാല ട്വിറ്റർ പോസ്റ്റ്, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രമാണ് കാണിക്കുന്നത്.
അഫ്ഗാൻ മാധ്യമപ്രവര്‍ത്തകമായ മൂസ മുഹമ്മദിയുടെ ഫോട്ടോയാണ് ഹഖ്മൽ പങ്കുവെച്ചത്. വർഷങ്ങളായി മുഹമ്മദി അഫ്ഗാന്‍ മാധ്യമ മേഖലയിലെ പ്രധാനമുഖമായിരുന്നു എന്നാൽ, അഫ്ഗാനിസ്ഥാനിലെ പുതിയ അവസ്ഥയില്‍ അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാന്‍ തെരുവില്‍ ഭക്ഷണം വിൽക്കുകയാണ് എന്ന് പറഞ്ഞാണ് ഹഖ്മൽ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
“മൂസ മുഹമ്മദി വിവിധ ടിവി ചാനലുകളിൽ അവതാരകനായും റിപ്പോർട്ടറായും വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ കുടുംബത്തെ പോറ്റാൻ വരുമാനമില്ല. കുറച്ച് പണം സമ്പാദിക്കാൻ തെരുവ് ഭക്ഷണം വിൽക്കുന്നു. അഫ്ഗാനിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ പതനത്തിന് ശേഷം അഭൂതപൂർവമായ ദാരിദ്ര്യം അനുഭവിക്കുന്നു’ – കബീർ ഹഖ്മല്‍ പറഞ്ഞു.
മുഹമ്മദിയുടെ അനുഭവം ഈ ട്വീറ്റിന് പിന്നാലെ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ ഡയറക്ടർ ജനറൽ അഹ്മദുല്ല വാസിഖി ഈ ട്വീറ്റിന് മറുപടിയുമായി രംഗത്ത് എത്തി. ഇദ്ദേഹത്തെ തന്റെ വകുപ്പിലേക്ക് നിയമിക്കുമെന്ന് വാസിഖ് ട്വീറ്റ് ചെയ്തത്.
“ഒരു സ്വകാര്യ ടെലിവിഷനില്‍ അവതാരകനായ മൂസ മുഹമ്മദിയുടെ തൊഴില്‍ നഷ്ടപ്പെട്ടത് സോഷ്യൽ മീഡിയയിൽ വിഷയമായിട്ടുണ്ട്, വാസ്തവത്തിൽ, ദേശീയ റേഡിയോ, ടെലിവിഷൻ ഡയറക്ടർ എന്ന നിലയിൽ, ഞങ്ങൾ അദ്ദേഹത്തിന് ജോലി ഉറപ്പ് നൽകുന്നു. ദേശീയ നെറ്റ്വര്‍ക്കില്‍ അദ്ദേഹത്തെ നിയമിക്കും. ഞങ്ങൾക്ക് എല്ലാ അഫ്ഗാൻ പ്രൊഫഷണലുകളെയും ആവശ്യമുണ്ട് – സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും അഹ്മദുല്ല വാസിഖി ചെയ്ത ട്വീറ്റ് പറയുന്നു.
അതേസമയം, താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്തതുമുതൽ, രാജ്യം മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മാധ്യമപ്രവർത്തകർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ജോലി നഷ്‌ടമായിട്ടുണ്ട്.
റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, 2021നെ അപേക്ഷിച്ച് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ പ്രതിശീർഷവരുമാനം മൂന്നിലൊന്നായി കുറഞ്ഞതോടെ ലോകബാങ്ക് അടുത്തിടെ പ്രസ്താവിച്ചിരുന്നു. “ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്ന് വളരെ ദരിദ്രമായി മാറിയിരിക്കുന്നു.” അഫ്ഗാനിസ്ഥാനിലെ ലോകബാങ്ക് സീനിയർ കൺട്രി ഇക്കണോമിസ്റ്റ് തോബിയാസ് ഹക്ക് നിരീക്ഷിക്കുന്നു.