KeralaNEWS

ഭാര്യ കൂറുമാറി, ആർ എസ് എസ് നേതാവിനെ കൊലപ്പെടുത്തിയകേസിലെ 7 സി.പി.എം പ്രവർത്തകരെ വെറുതെ വിട്ടു

ആർ.എസ്.എസ്  പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന തെക്കെ പാനൂരിലെ കെ വത്സരാജ കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കിർമ്മാണി മനോജ് ഉൾപെടെ 7 സി.പി.എം പ്രവർത്തകരെയാണ് തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടത്.

2007 മാര്‍ച്ച് നാലിന് രാത്രിയാണ് സംഭവം. വത്സരാജക്കുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചുകൊന്നു എന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്താണ് ഏഴ് പ്രതികളെയും പിടികൂടിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് വത്സരാജ് കുറുപ്പിന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയെ തുടര്‍ന്നായിരുന്നു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

Signature-ad

കേസിൽ ഏക ദൃസാക്ഷിയായ വത്സരാജക്കുറുപ്പിന്റെ ഭാര്യ പിന്നീട് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് കോടതിയിൽ മൊഴി നൽകിയത്. ഇതാണ് ഏഴ് പ്രതികളെയും വെറുതെ വിട്ട വിധിക്ക് കാരണമായത്.

സി.പി.എം പ്രവർത്തകരായ ചമ്പാട്ടെ എട്ടുവീട്ടിൽ സജീവൻ (34), ചമ്പാട്ടെ കെ. ഷാജി എന്ന ചെട്ടി ഷാജി (27), പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), നിടുമ്പ്രം പടിഞ്ഞാറെ കുനിയിൽ കക്കാടൻ പ്രകാശൻ (32), അരയാക്കൂ ലിലെ സൗപർണികയിൽ ശരത് (26), അരയാക്കൂലിലെ കൂറ്റേരി വീട്ടിൽ കെ.വി. രാഗേഷ് (26) എന്നിവരാണ് കുറ്റവിമുക്തരായത്.

ഫസൽ വധ കേസിൽ പിന്നീട് പ്രതി ചേർക്കപ്പെട്ട സിപിഎം പ്രവർത്തകരെ കുറിച്ചുള്ള ചില നിർണായകമായ വിവരങ്ങൾ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ സുകുമാരന് വത്സരാജ് കുറുപ്പ് കൈ മാറിയതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് ആരോപണം. ഇതു കൂടാതെ കൊല്ലം സ്വദേശിയായ ഒരു വ്യാപാരിയുടെ സാമ്പത്തിക തർക്കത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ വൈരാഗ്യവും വത്സരാജ കുറുപ്പിനെ വധിക്കാൻ കാരണമായതെന്നും പറയപ്പെടുന്നു.

Back to top button
error: