നടി ലക്ഷ്മിയുടെ മകൾ എന്ന നിലയിലാണ് ഐശ്വര്യയെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് ‘നരസിംഹം’ ‘പ്രജ’ എന്നീ ചിത്രങ്ങളിൽ തകർത്താടിയപ്പോൾ കേരളം ഒന്നടങ്കം കയ്യടിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക് ചിത്രങ്ങളിലായി ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്ത ഐശ്വര്യ പിന്നീട് മിനിസ്ക്രീനിലും സ്വന്തം സ്ഥാനം ഉറപ്പിച്ചു. പക്ഷേ ഇപ്പോൾ താരം പറയുന്നു ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പു വിറ്റാണ് താൻ ജീവിക്കുന്നതെന്ന്.
ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തൽ.
”ജോലിയുണ്ടെങ്കിലേ സാമ്പത്തിക ഭദ്രതയുണ്ടാകൂ. ഇപ്പോൾ എനിക്ക് ജോലിയില്ല. സാമ്പത്തിക ഭദ്രതയും ഇല്ല. തെരുവു തോറും സോപ്പു വിറ്റാണ് ജീവിക്കുന്നത്. ഞാനാണ് എന്റെ കുടുംബം. മകൾ വിവാഹിതയാണ്. കടങ്ങളില്ല. എന്തു ജോലി നൽകിയാലും ചെയ്യാൻ ഞാൻ തയാറാണ്. നാളെ നിങ്ങളുടെ ഓഫിസിൽ ജോലി നൽകിയാലും ഞാൻ സ്വീകരിക്കും. അടിച്ചു വാരി കക്കൂസ് കഴുകി ഞാൻ സന്തോഷത്തോടെ തിരിച്ചു പോകും…”
ഐശ്വര്യ പറയുന്നു:
“സിനിമകൾ ചെയ്യാൻ എനിക്കിപ്പോഴും താത്പര്യമുണ്ട്. ആരെങ്കിലും വിളിക്കും എന്നു തന്നെയാണ് പ്രതീക്ഷ. സ്ത്രീകൾ അവർ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയണം. പൊതുയിടത്തിലേക്ക് സ്ത്രീകൾ കടന്നു വരുമ്പോൾ എന്തും കേൾക്കാൻ അവർ തയ്യാറാകണം. നല്ലകാര്യങ്ങളും മോശം കാര്യങ്ങളും അതിലുണ്ടാകാം.”
സിനിമയിലെ കഥാപാത്രത്തെപ്പോലെ ജീവിതത്തിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ട് താരത്തിന്:
“ഒരു സ്ത്രീക്ക് ഒരു പുരുഷനും ഒരു പുരുഷന് ഒരുസ്ത്രീയും വേണമെന്നില്ല. നമ്മൾ ജനിക്കുമ്പോഴും മരിക്കുമ്പോഴും തനിച്ചാണ്. അതുകൊണ്ടു തന്നെ വിവാഹമൊന്നും നിർബന്ധമുള്ള കാര്യമല്ല. ആൺകുട്ടികൾ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കൽപങ്ങൾ കൊണ്ടുനടക്കുന്നത്. അമ്മയെ പോലെയാകണമെങ്കിൽ നിങ്ങൾ അമ്മയെ ആശ്രയിച്ചു ജീവിക്കണം. അത് ഭാര്യയിൽ നിന്നു പ്രതീക്ഷിക്കരുത്.”
വിവാഹമോചനത്തെക്കുറിച്ചും ഐശ്വര്യ പ്രതികരിച്ചു:
“വിവാഹ മോചനം എന്നെ സംബന്ധിച്ച് ഒഴിച്ചു കൂടാനാകാത്തതായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ ഈ ബന്ധം ശരിയാകില്ലെന്ന് എനിക്കു തോന്നി. കുഞ്ഞിന് ഒന്നരവയസ്സായപ്പോൾ വേർപിരിഞ്ഞു. വിവാഹമോചനത്തിനു ശേഷം പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു. ചിലർക്ക് നമ്മൾ ഇഷ്ടമാണെന്നു പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാൻ സമ്മതിക്കില്ല. നമ്മൾ കാശുമുടക്കി വാങ്ങിയ വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്നോ? പോടാ എന്നു പറയും.’