തിരുവനന്തപുരം :കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം.ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതും ആഗോളറാങ്കിംഗിൽ നാലാം സ്ഥാനത്തും എത്തി.
അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടം കേരളം കരസ്ഥമാക്കിയത്. ഇതേ റിപ്പോർട്ടിന്റെ ആഗോളറാങ്കിംഗിൽ നാലാം സ്ഥാനം നേടാനും കേരളത്തിന് സാധിച്ചു.
സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ് വളർച്ചക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ റിപ്പോർട്ടുകൾ പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.
സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായി റിപ്പോർട്ട് പറയുന്നു.ഇത്തരത്തിൽ 3,600 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്.
2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തിലെ സ്റ്റാർട്ടപ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്നതിന്റെ തെളിവാണ് ഈ ബഹുമതി.