SportsTRENDING

ഒടുവില്‍ പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കറും

കട്ടക്ക്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷഭ് പന്തിന്‍റെ തീരുമാനങ്ങളെ പിന്തുണക്കുകയും രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണിന്‍റെ തീരുമാനങ്ങളെ കണ്ണടച്ചു വിമര്‍ശിക്കുകയും ചെയ്യുന്നുവെന്ന് സുനില്‍ ഗവാസ്കര്‍ക്കെതിരെ ഉയരുന്ന വിമര്‍ശനമാണ്. മലയാളി ആരാധകര്‍ ഗവാസ്കറുടെ ഇരട്ടത്താപ്പ് പലപ്പോഴും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്.

എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും റിഷഭ് പന്തിന്‍റെ നേതൃത്വത്തിലിറങ്ങി ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതോടെ പന്തിനെതിരെ ഗവാസ്കറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Signature-ad

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ പന്ത് നടത്തിയ പരീക്ഷണമാണ് ഗവാസ്കറെ ചൊടിപ്പിച്ചത്. ദിനേശ് കാര്‍ത്തിക്കിന് മുമ്പെ അക്സര്‍ പട്ടേലിനെ ഇറക്കി തീരുമാനത്തെ വിചിത്രമെന്നാണ് ഗവാസ്കര്‍ വിശേഷിപ്പിച്ചത്. ചിലപ്പോഴൊക്കെ ഫിനിഷര്‍ എന്ന പേരിന് അമിത പ്രാധാന്യം നല്‍കുന്നുവെന്നും ടീം ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ നിലയുറപ്പിച്ച് കളിക്കാന്‍ കഴിയുന്ന കാര്‍ത്തിക്കിനെ പോലൊരു കളിക്കാരനെ ഇറക്കാതിരുന്നത് ന്യായീകരിക്കാനാവില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.

ഹാര്‍ദ്ദിക് പാണ്ഡ്യ 13-ാം ഓവറില്‍ പുറത്തായശേഷമാണ് അകസര്‍ പട്ടേല്‍ ആറാമനായി ക്രീസിലെത്തിയത്. 10 പന്തില്‍ 11 റണ്‍സെടുത്ത അക്സറിന് ബാറ്റിംഗില്‍ തിലങ്ങാനായില്ല. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ കാര്‍ത്തിക് 21 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ 148 റണ്‍സിലെത്തിച്ചു.

ഫിനിഷര്‍ ടാഗുള്ളവര്‍ പതിനഞ്ചാം ഓവറിനുശേഷമെ ബാറ്റ് ചെയ്യാന്‍ വരാന്‍ പാടുള്ളു എന്നില്ല. പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയോ ഓവറില്‍ ഫിനിഷര്‍ ക്രീസിലെത്തിയാല്‍ എന്താണ് കുഴപ്പം. ഫിനിഷര്‍ വന്നാലുടന്‍ സിക്സട് അടിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്നും ഗവാസ്കര്‍ ചോദിച്ചു.

അതേസമയം, പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്കിന് മുമ്പെ അക്സര്‍ പട്ടേലിനെ ബാറ്റിംഗിന് വിട്ട തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്നും ഐപിഎല്‍ ഒഴിവാക്കിയാലും ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരിലൊരാളാണ് കാര്‍ത്തിക്കെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു.

Back to top button
error: