കൊച്ചി: പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ ഹര്‍ജി നല്‍കി. രഹസ്യമൊഴി നല്‍കിയതിന് ശേഷം മുഖ്യമന്ത്രി അടക്കമുള്ളവര്‍ തെരുവില്‍ ഭീഷണി മുഴക്കുകയാണ്. അതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ തേടുന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അതേസമയം, വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രകാരം സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് ഇപ്പോഴും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണ്, കേസിലെ സാക്ഷിയല്ല. അതിനാല്‍ വിറ്റ്നസ് പ്രൊട്ടക്ഷന്‍ പ്രകാരം സംരക്ഷണത്തിന് അര്‍ഹതയില്ലെന്നും ഇ.ഡി.യുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് സ്വന്തമായി സുരക്ഷാസംവിധാനമില്ല. കൊച്ചിയിലെ ഓഫീസിന് പോലും സുരക്ഷാക്രമീകരണങ്ങളില്ല. കേന്ദ്രസേനയുടെ സുരക്ഷ വേണമെങ്കില്‍ കോടതിയാണ് നിര്‍ദേശിക്കേണ്ടത്. അതിനാല്‍ കോടതിയില്‍നിന്ന് ഉത്തരവുണ്ടാകുന്നതാകും ഉചിതമെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ ഇനി ജൂണ്‍ 16-ന് വീണ്ടും വാദം കേള്‍ക്കും.