ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ റിമാന്‍ഡ് ചെയ്ത് കോടതി. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ സത്യേന്ദ്ര ജെയിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അദ്ദേഹത്തിന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്നും ജെയിനിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
കഴിഞ്ഞ മെയ് 30നാണ് കള്ളക്കടത്ത് കേസില്‍ അരവിന്ദ് കെജ്രിവാള് മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡിയിലായിരുന്നു. അറസ്റ്റിന് പിന്നാലെ ഇദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത 1.8 കിലോ സ്വര്‍ണവും , 2.85 കോടി രൂപയുപം രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നല്കുന്ന വിവരം.
2015-16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സത്യേന്ദ്ര ജെയിന് വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ദില്ലിയില്‍ ഭൂമി വാങ്ങിയെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.