CrimeNEWS

അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് തിരിച്ച് ആക്രമിച്ചു; ഗുരുതരമായി പരുക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകള്‍; പ്രതികളെ വെറുതെ വിടില്ല, ഉറപ്പുമായി നേരിട്ടെത്തി മുഖ്യന്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ അശ്ലീല ചുവയോടെ സംസാരിച്ച യുവാക്കളെ തല്ലിയ സ്ത്രീയെ ബ്ലെയ്ഡ് കൊണ്ട് ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ചികിത്സയില്‍ കഴിയുന്ന സ്ത്രീയേയും കുടുംബത്തെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രതികളെ വെറുതെ വിടില്ലെന്നും സ്ത്രീ കാണിച്ച ധീരതയ്ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118 തുന്നലുകളാണ് വേണ്ടി വന്നത്.

രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മൂന്നാമനായുള്ള തെരച്ചില്‍ തുടരുകയാണ്. സ്ത്രീ കാണിച്ച ധിരതയ്ക്കാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഭോപ്പാല്‍ ടിടി നഗറിലെ ഒരു ഹോട്ടലിലേക്ക് ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ഹോട്ടലിന് മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലി ഇവരും മൂന്ന് യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. ഭര്‍ത്താവ് ഹോട്ടിലിനുള്ളിലേക്ക് പോയ സമയം യുവാക്കള്‍ സ്ത്രീയെ അധിക്ഷേപിക്കാനും അശ്ലീല ചുവയോടെ സംസാരിക്കാനും തുടങ്ങി.

Signature-ad

ശല്യം തുടര്‍ന്നതോടെ സ്ത്രീ ഇവര്‍ക്കുനേരെ ശബ്ദമുയര്‍ത്തുകയും മൂന്ന് പേരില്‍ ഒരാളെ തല്ലുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് സ്ത്രീ ഹോട്ടലില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ ഇവര്‍ ബ്ലെയ്ഡ് കൊണ്ട് ക്രൂരമായി മുറിപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ച സ്ത്രീയെ ശസ്ത്രിക്രിയയ്ക്ക് വിധേയയാക്കി. ഇവരുടെ മുഖത്ത് 118 തുന്നലുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്ന് പ്രതികളില്‍ ബാദ്ഷാ, അജയ് എന്നിങ്ങനെ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Back to top button
error: