പ്രയാഗ് രാജ് കലാപത്തില്‍ പ്രതികളായവർക്കെതിരെ ബുള്‍ഡോസര്‍ ഉരുണ്ട് തുടങ്ങി. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്റെ മൂന്ന് നില വീട് പൂർണ്ണമായി പ്രയാഗ് രാജ് വികസന അതോറിറ്റി പൊളിച്ചു നീക്കി. അനധികൃതനിർമ്മാണെന്ന് കാട്ടിയാണ് നടപടി. കേസിൽ ജാവേദിന്റെ ഭാര്യയും മകളും ഉൾപ്പെടെ അറസ്റ്റിലാണ്. ജാവേദിന്റെ മറ്റൊരു മകളായ അഫ്രീൻ ഫാത്തിമ വിദ്യാർത്ഥി നേതാവും പൌരത്വ പ്രതിഷേധങ്ങളുടെ മുഖവുമായിരുന്നു.നടപടിക്കെതിരെ അഫ്രീൻ ഫാത്തിമ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
ഇതിനിടെ വെള്ളിയാഴ്ച്ച നടന്ന സംഘർഷത്തിൽ മൂന്നുറിലേറെ പേർ അറസ്റ്റിലായി. ഒമ്പത് ജില്ലകളിലായി 13 കേസുകളിലാണ് അറസ്റ്റ്. സഹാറൻപൂരിലെ സംഘർഷത്തിൽ അറസ്റ്റിലായ പതിനെട്ടുകാരൻ മൂസെമ്മിലാണ് പ്രധാനപ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനിടെ സഹാറൻപൂരിൽ അറസ്റ്റിലായവരെ ജയിലില്‍ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.കലാപകാരികൾക്ക് ഇതാണ് സമ്മാനമെന്ന തലക്കെട്ടോടെ ബിജെപി എംഎൽഎ ശലഭ് മണി ത്രിപാഠിയാണ് ട്വീറ്റ് ചെയ്തത്.
സംഭവം വിവാദമായതോടെ യുപി പൊലീസ് എഡിജിപി അന്വേഷണം പ്രഖ്യാപിച്ചു അതെസമയം ഹൌറയിൽ സുരക്ഷ ക്രമീകരണങ്ങൾ തുടരുകയാണ്. ആറുപത് പേർ ഇവിടെ അറസ്റ്റിലായി. രാഷ്ട്രീയപാർട്ടി നേതാക്കൾ ഹൌറ സന്ദർശിക്കരുതെന്ന് കാട്ടി പശ്ചിമബംഗാൾ സർക്കാർ നോട്ടീസ് നൽകി. ഹൌറ സന്ദർശിക്കാൻ പോയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞു. ദില്ലി ജമാ മസ്ജിദിലെ പ്രതിഷേധത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ അയവ് വന്നതോടെ റാഞ്ചിയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു