തിരുവനന്തപുരം: സോളാര്‍ കേസിന്‍െ്‌റ പേരില്‍ ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും തനിക്കുവേണ്ടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പൊലീസ് രാജ് സൃഷ്ടിക്കുന്നത് കേരളത്തിന്റെ അന്തരീക്ഷത്തില്‍ നന്നല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നതിന്‍െ്‌റ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍െ്‌റ പ്രതികരണം.
‘ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രകള്‍ തടസപ്പെടാതെ നോക്കേണ്ടതും ആവശ്യമാണ്. പക്ഷേ കരിങ്കൊടി കാണാനാകില്ല, കറുത്ത മാസ്‌ക് കാണാനാകില്ല കറുത്ത വസ്ത്രം ഉപയോഗിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല’. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ്. തനിക്കെതിരെ കല്ലേറ് പോലുമുണ്ടായി. ആ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴില്ല. ഇനിയും സുരക്ഷ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അസാധാരണ സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപക ആക്ഷേപം നേരിടുന്നതിനിടെ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം മാറ്റിയതും ചര്‍ച്ചയാകുന്നുണ്ട്. പൊലീസ് ഒപ്പമുണ്ടെങ്കിലും ജനങ്ങളാല്‍ വലയപ്പെട്ട് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന തന്റെ ഒരു പഴയ ചിത്രമാണ് ഉമ്മന്‍ ചാണ്ടി പുതിയ പ്രൊഫൈല്‍ ചിത്രമാക്കിയിരിക്കുന്നത്. ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് അസാധാരണ സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിഹാസമുയര്‍ത്തിയിരുന്നു. ജനങ്ങളെ ബന്ദികളാക്കിയാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. മുണ്ട് ഉടുത്ത നരേന്ദ്രമോദിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.
ഇത് ഹിറ്റ്ലറുടെ കേരളമായി മാറിയിരിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എല്ലാത്തിനേയും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെ കനത്ത സുരക്ഷയോടെ സഞ്ചരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് കണ്ണില്‍ കൂടി കാണുന്നതെന്തും കറുപ്പായിട്ട് തോന്നുന്നത്. പ്രതിപക്ഷത്തെ വിരട്ടാന്‍ മുഖ്യമന്ത്രി നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞു.