KeralaNEWS

ആക്രമണമുണ്ടായാല്‍ ശക്തമായ നടപടി നേരിടേണ്ടിവരും; കെ. സുധാകരന് പോലീസിന്റെ അസാധാരണ താക്കീത്

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിനെതിരേ ആക്രമണമുണ്ടായാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരനു പോലീസിന്റെ അസാധാരണ മുന്നറിയിപ്പ്. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു ഇന്നലെ രാവിലെ സുധാകരന് ഇതു സംബന്ധിച്ച് കത്തു നല്‍കിയത്.

അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അക്രമമുണ്ടാകുന്നതു തടയാന്‍ വേണ്ടി ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 149-ാം വകുപ്പു പ്രകാരമാണു നോട്ടിസ്. എന്നാല്‍ പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തില്‍ നോട്ടിസ് നല്‍കുന്നതു ആദ്യമായാണ്. പാര്‍ട്ടി ഭാരവാഹികള്‍ക്കും മറ്റും ഇപ്പോള്‍ പതിവായി ഇത്തരം നോട്ടിസുകള്‍ നല്‍കാറുണ്ടന്നും മാര്‍ച്ചിന് ആഹ്വാനം ചെയ്തത് കെ.പി.സി.സി.അധ്യക്ഷന്‍ ആയതിനാലാണു കെ. സുധാകരനു നോട്ടീസ് നല്‍കിയതെന്നും പോലീസ് അറിയിച്ചു.

Signature-ad

മാര്‍ച്ചിനിടെ പോലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ ഉദ്ഘാടകന്‍ എന്ന നിലയില്‍ സുധാകരനെതിരേ നിയമനടപടിയുണ്ടാകും എന്നായിരുന്നു നോട്ടീസ്. എന്നാല്‍ പോലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു. അതേസമയം കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പരിപാടി കെ.പി.സി.സി. അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ എം. ലിജുവാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

Back to top button
error: