ചെന്നൈ: തമിഴ്നാട്ടിൽ 16കാരിയുടെ അണ്ഡം വിൽപ്പന നടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പെൺകുട്ടിയെ രണ്ടാനച്ഛൻ അഞ്ച് വർഷമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് 16കാരിയെ ആർത്തവം ആരംഭിച്ചത് മുതൽ അഞ്ച് വർഷമായി നിർബന്ധിച്ച് അണ്ഡം വിൽപ്പന നടത്തുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വർഷത്തിനിടയിൽ എട്ട് തവണയായി താൻ അണ്ഡം വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
40 കാരനായ രണ്ടാനച്ഛൻ സയ്യിദ് അലിയാണ് പലതവണയായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. 33 കാരിയായ അമ്മ ഇന്ദ്രാണിയും ഇവരുടെ ആദ്യ ഭർത്താവും കുട്ടിയുടെ അച്ഛനുമായ വ്യക്തിയും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ വയസ്സ് കൂട്ടി, വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയാണ് അണ്ഡവിൽപ്പന നടത്തിയിരുന്നത്.
തമിഴ്നാട് ആരോഗ്യവിഭാഗത്തിലെ ജോയിന്റ് ഡയറക്ടർ വിശ്വനാഥൻ ഉൾപ്പെട്ട ആറംഗ സംഘം ജൂൺ ആറിന് കുട്ടിയുടെ മൊഴിയെടുത്തു. വിവിധ വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളിലായി കുട്ടി അണ്ഡം വിൽപ്പന നടത്താൻ നിർബന്ധിക്കപ്പെട്ടുവെന്ന് സംഘം കണ്ടെത്തി. കുട്ടിയുടെ മൊഴി പ്രകാരമുള്ള വന്ധ്യതാ ചികിത്സാകേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യവിഭാഗം.
ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ ഡോക്ടർമാരെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഒരു അണ്ഡത്തിന് 20000 രൂപ വരെയാണ് വില. 20000 രൂപ കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ചാൽ 5000 രൂപ ഇടനിലക്കാർക്ക് നൽകണം. മാലതി എന്ന് വിളിക്കുന്ന ഇടനിലക്കാരിയുടെ സഹായത്തോടെയാണ് ആധാർ കാർഡിൽ കുട്ടിയുടെ പ്രായം തിരുത്തിയത്.
പെൺകുട്ടി അണ്ഡം വിൽക്കാൻ വിസമ്മതിച്ച് വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട് സേലത്തെ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നീട് ബന്ധുക്കളുടെ സഹായത്തോടെ കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഈറോഡ്, സേലം, പെരുന്തുറ, ഹോസുർ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികൾ വഴിയാണ് വന്ധ്യതാ ചികിത്സയ്ക്കായി അണ്ഡം വിൽപ്പന നടക്കുന്നത്.