തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥരായ എം ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കെതിരെ വലിയ വെളിപ്പെടുത്തലുകളാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയതായും ഈ സമയത്ത് കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നതെന്നുമാണ് സ്വപ്മയുടെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
എന്നാൽ സ്വപ്നയുടെ രഹസ്യ മൊഴി കാര്യമാക്കുന്നില്ലെന്നാണ് ആരോപണവിധേയനായ എം ശിവശങ്കറിന്റെ പ്രതികരണം. ഇത്തരം ഒരുപാട് മൊഴികൾ നേരത്തെ വന്നതല്ലേ എന്നും ശിവശങ്കർ കൂട്ടിച്ചേർത്തു. അതേ സമയം 2016 ൽ മുഖ്യമന്ത്രിക്കൊപ്പം ദുബായിലേക്ക് പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് നളിനി നെറ്റോ വിശദീകരിക്കുന്നത്. ഔദ്യോഗിക യാത്രയാണ് മുഖ്യമന്ത്രിക്കൊപ്പം നടത്തിയത്. മറ്റൊന്നിനെ കുറിച്ചും തനിക്കറിയില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും നളിനി നെറ്റോ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, എം ശിവശങ്കർ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവർക്കെതിരെയാണ് സ്വപ്നാ സുരേഷിന്റെ ആരോപണം.