IndiaNEWS

ഡെലിവറി ഏജന്റിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ കേസ്

ചെന്നൈ: ഗതാഗതക്കുരുക്കുണ്ടാക്കിയെന്നാരോപിച്ച് ഫുഡ് ഡെലിവറി ഏജന്റായ യുവാവിനെ മര്‍ദിച്ച തമിഴ്നാട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. അന്വേഷണ വിധേയമായി ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ഡെലിവറി ഏജന്റിന്റെ വാഹനം കാരണം കോയമ്പത്തൂരില്‍ അല്‍പ സമയം ഗതാഗതക്കുരുക്കുണ്ടായെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ചത്.

സിംഗനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് 2 കോണ്‍സ്ട്രബിളായ സതീഷ് കുമാറാണ് വൈറല്‍ വിഡിയോയിലുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫുഡ് ഡെലിവറി ഏജന്റായ മോഹന സുന്ദരത്തെയാണ് ഇയാള്‍ മര്‍ദിച്ചത്. മോഹന സുന്ദരത്തിന്റെ പരാതിയിലാണ് സതീഷ് കുമാറിനെതിരെ കേസെടുത്തത്. ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

യുവാവിനെ പിടിച്ചിറക്കി രണ്ട് തവണ ശക്തമായി ഉദ്യോഗസ്ഥന്‍ മുഖത്തടിക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍ കാര്യമായ ഗതാഗതക്കുരുക്കില്ലായിരുന്നെന്നും ഡെലിബറി ബോയുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം കണ്ടുനിന്ന ചിലര്‍ പകര്‍ത്തിയ വിഡിയോയാണ് വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവാവിന്റെ മുഖത്തടിച്ച ട്രാഫിക് പൊലീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോ വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി.

Back to top button
error: