ചെന്നൈ: ഓൺലൈൻ റമ്മിയിൽ 3 ലക്ഷം രൂപയും 20 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിനി ആത്മഹത്യ ചെയ്തു. ചെന്നൈ മണാലി ന്യൂ നഗറിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരിയാണ് ആത്മഹത്യ ചെയ്തത് 29കാരിയായ ഭവാനി അടുത്തിടെയാണ് ഓൺലൈൻ റമ്മിക്ക് അടിമയായത്. കൂടുതൽ പണം പെട്ടെന്നുണ്ടാക്കാമെന്ന പരസ്യവാഗ്ദാനത്തിൽ പെട്ട് റമ്മി കളിച്ച് തുടങ്ങുകയായിരുന്നു.
ആദ്യമാദ്യം ചെറിയ തുകകൾ നേടിയതോടെ കൂടുതൽ പണം മുടക്കി. മുഴുവൻ പണവും നഷ്ടമായതോടെ ജീവനൊടുക്കുകയായിരുന്നു. ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് സ്ഥിരമായി റമ്മി കളിച്ചിരുന്നത്. പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ഭർത്താവും മാതാപിതാക്കളും പൊലീസിനോട് പറഞ്ഞത്.
വലിയ തുക നഷ്ടപ്പെട്ടത് തിരികെപ്പിടിക്കാൻ അതിലും വലിയ തുക വച്ച് കളിച്ചു. രണ്ട് സഹോദരിമാരിൽ നിന്ന് കടം വാങ്ങിയാണ് മൂന്ന് ലക്ഷം കൂടി മുടക്കിയത്. ഒടുവിൽ മുഴുവൻ പണവും നഷ്ടമാക്കി. കയ്യിലെ പണം തീർന്നപ്പോൾ സ്വർണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും കളിക്കാനിറക്കി. മാനസികമായി തകർന്ന യുവതി അടുത്ത കാലത്തായി കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ഇന്നലെ കുളിക്കാനായി മുറിയിൽ കയറി വാതിലടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മണലി ന്യൂ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.