കൊച്ചി: കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനം എന്ന് ഹൈക്കോടതി. തങ്ങൾക്ക് ശമ്പളം നൽകാത്തിടത്തോളം ഉന്നത ഓഫീസർമാരുടെയും ശമ്പളം തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാകില്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാർക്ക് യഥാസമയം ശമ്പളം നൽകേണ്ടതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം നൽകുന്ന രീതി തടയാൻ മടിക്കില്ലെന്നും കോടതിയുടെ മുന്നറിയിപ്പ് ഉണ്ട്. ജീവനക്കാരുടെ ഹർജിയിൽ മറുപടി നൽകാൻ കെഎസ്ആർടിസിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
അതേസമയം, കെഎസ്ആർടിസി പുനസംഘടിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കും. മിനിമം സബ്സിഡി അടിസ്ഥാനത്തിൽ ആയിരിക്കും ഇതെന്നും സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
സ്വയംപര്യാപ്തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. കെഎസ്ആർടിസി പരിഷ്കരണവുമായി മുന്നോട്ടെന്നു സർക്കാർ വ്യക്തമാക്കുന്നു. സുശീൽ ഖന്ന റിപ്പോർട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെഎസ്ആർടിസി സമുച്ചയങ്ങൾ കെഎസ്ആർടിസി തിരിച്ചെടുക്കുന്നു. കെഎസ്ആർടിസിയുമായി ചർച്ച നടക്കുന്നു. കെഎസ്ആർടിസി മാനേജ്മെന്റൂം പുനസംഘടിപ്പിക്കും സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.