ബിജെപിയിൽ പുതിയ ഗ്രൂപ് രൂപം കൊണ്ടു .ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ് .ഗ്രൂപ്പിന്റെ ആദ്യ യോഗം തൃശ്ശൂരിൽ നടന്നു .
യോഗത്തിൽ ശോഭ സുരേന്ദ്രനെ കൂടാതെ തിരുവനന്തപുരത്ത് നിന്ന് ജെ ആർ പദ്മകുമാർ ,കെ ബാഹുലേയൻ ,കോഴിക്കോട് നിന്ന് കെ പി ശ്രീശൻ ,എറണാകുളത്ത് നിന്ന് പി എം വേലായുധൻ ,എ കെ നസീർ ,കൊല്ലത്ത് നിന്ന് ശ്യാംകുമാർ തുടങ്ങിയവർ പങ്കടുത്തു .പി എസ് ശ്രീധരൻ പിള്ള അധ്യക്ഷൻ ആയ കാലത്ത് സംസ്ഥാന ഭാരവാഹികൾ ആയവർ ആണ് ഇവർ എല്ലാവരും .ഇപ്പോൾ ദേശീയ കൗൺസിൽ അംഗങ്ങൾ ആണിവർ .
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതുമുതൽ പാർട്ടിയിലെ മുതിർന്നവരെ വെട്ടിനിരത്താനുള്ള ശ്രമം ആണ് നടക്കുന്നതെന്ന് യോഗം വിലയിരുത്തി .പാർട്ടിയ്ക്ക് മുൻകാലങ്ങളിൽ വലിയ സംഭാവനകൾ നൽകിയവരെ വെട്ടി നിരത്തി സ്വന്തം ആളുകളെ തിരുകി കയറ്റുകയാണ് കെ സുരേന്ദ്രൻ എന്നും അഭിപ്രായം ഉയർന്നു .
പാർട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നതിനെ ഇത് വരെ മൗനം കൊണ്ട് നേരിട്ടവരാണ് ഈ നേതാക്കൾ .എന്നാൽ ഇനി ഈ മൗനം വെടിയാൻ ആണ് തീരുമാനം .എല്ലാ ജില്ലകളിലും സമാന മനസ്കരെ ഒന്നിച്ചു കൊണ്ട് വന്നു ഒരു കുടക്കീഴിൽ അണിനിരത്തി ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് തീരുമാനം .
സംസ്ഥാന ജനറൽ സെക്രട്ടറിമാർ ആയിരുന്ന മുതിർന്ന നേതാക്കളെ ഒഴിവാക്കിയാണ് കെ സുരേന്ദ്രൻ അധ്യക്ഷനായി വന്നപ്പോൾ സ്വന്തം പക്ഷക്കാരെ തിരുകിക്കയറ്റിയത് എന്നാണ് ഇവരുടെ ആരോപണം .സംസ്ഥാന അധ്യക്ഷ പദത്തിൽ ഇരുന്നുകൊണ്ട് കെ സുരേന്ദ്രൻ ഗ്രൂപ്പ് കളിക്കുക ആണെന്ന വിമർശനവും ഉയർന്നു .ശോഭ സുരേന്ദ്രൻ പാർട്ടിയിൽ സജീവമല്ലാത്തതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്ന് സുരേന്ദ്രൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞിരുന്നു .ഈ പ്രസ്താവന കരുതിക്കൂട്ടി അവഹേളിക്കാൻ ഉള്ളതായിരുന്നുവെന്നു യോഗം വിലയിരുത്തി .
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെയും വിമർശനം ഉയർന്നു .കെ സുരേന്ദ്രന്റെ അഭിപ്രയങ്ങൾ മാത്രമാണ് വി മുരളീധരൻ മാനിക്കുന്നതെന്നു യോഗം വിമർശിച്ചു .സുരേന്ദ്രൻ വഴി കേന്ദ്രമന്ത്രിയും ഗ്രൂപ്പ് കളിയിൽ പങ്കാളിയാവുകയാണ് .ഈ കൂട്ടുകെട്ടിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് പോരാടാൻ ശോഭ സുരേന്ദ്രൻ ഗ്രൂപ്പിന്റെ തീരുമാനം .
പുനഃസംഘടനയിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വൈസ് പ്രസിഡണ്ട് ആക്കിയതോടെ ശോഭ സുരേന്ദ്രൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു .സംസ്ഥാന ബിജെപിയുടെ ഒരു പ്രക്ഷോഭത്തിലും കഴിഞ്ഞ 7 മാസമായി അവർ പങ്കെടുക്കുന്നില്ല .ജെ ആർ പദ്മകുമാർ അടക്കമുള്ളവരും സമാനമായ രീതിയിൽ നിസഹകരണത്തിൽ ആയിരുന്നു .ടെലിവിഷൻ ചർച്ചകളിൽ പോലും ഇവർ പങ്കെടുത്തിരുന്നില്ല .
മൗനം വെടിഞ്ഞ് പാർട്ടിക്കുള്ളിൽ നിന്ന് പോരാടാൻ ആണ് ശോഭ സുരേന്ദ്രൻ ഗ്രൂപ്പിന്റെ തീരുമാനം .ദേശീയ പുനഃസംഘടനയിലും തഴയപ്പെട്ടതോടെയാണ് രണ്ടും കല്പിച്ച് രംഗത്തിറങ്ങാൻ ഇവർ തീരുമാനിച്ചത് .ഔദ്യോഗിക പക്ഷത്തെ പരസ്യമായി പ്രതിരോധിക്കുക തന്നെയാണ് ലക്ഷ്യം .