കോവിഡ് വാക്‌സിനായി സ്രാവുകളോ?
ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്. രോഗത്തെ തുരത്താന്‍ വാക്‌സിന്‍ നിര്‍മ്മാണ ഘട്ടത്തിലും പരീക്ഷണഘട്ടത്തിലുമാണെങ്കിലും ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാന്‍ രാജ്യങ്ങള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. വാക്‌സിന്‍ നിര്‍മ്മാണത്തിലും മത്സരബുദ്ധി നിലനില്‍ക്കുന്നതായി കാണുന്നു. എന്നാല്‍ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഓരോ ദിവസവും പുതിയവെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.
ഇപ്പോഴിതാ വാക്‌സിന്‍ നിര്‍മ്മാണത്തിനായി അഞ്ചുലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടി വരുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചില കൊറോണ വൈറസ് വാക്‌സിന്‍ നിര്‍മ്മിക്കാനായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഘടകമാണ് സ്‌ക്വാലീന്‍. സ്രാവുകളുടെ കരളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത എണ്ണയാണിത്. രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ സ്‌ക്വാലീന്‍ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വാക്‌സിനുകളുടെ ഫലപ്രാപ്തി കൂട്ടാന്‍ ഇതിനാകുമെന്ന് കണക്കാക്കപ്പെടുന്നു.
കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സംഘടനയായ Shark Allies പറയുന്നത്, ‘ലോകജനതയ്ക്ക് സ്രാവിന്റെ കരളില്‍ നിന്നുള്ള ഈ എണ്ണ അടങ്ങിയ ഒരൊറ്റ ഡോസ് കൊറോണ വൈറസ് വാക്‌സിന്‍ നല്‍കാനായി 250,000 സ്രാവുകളെ അറുക്കേണ്ടതുണ്ട്’ എന്നാണ്. ആഗോള ജനസംഖ്യയുടെ പ്രതിരോധത്തിന് നമുക്ക് രണ്ട് ഡോസുകള്‍ ആവശ്യമായി വന്നാല്‍, അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലേണ്ടി വരുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അത്തരമൊരു മനുഷ്യത്വരഹിതമായ പ്രവൃത്തി ഒഴിവാക്കാന്‍, ശാസ്ത്രജ്ഞര്‍ സ്‌ക്വാലീന് പകരം മറ്റേതെങ്കിലും ഉപയോഗിക്കാമോ എന്ന് പരിശോധിച്ചു വരികയാണ്.