ന്യൂഡൽഹി: ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ചൈന നിക്ഷേപിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന വെളിപ്പെടുത്തലിൽ കുലുങ്ങി പാക്ക് ഭരണനേതൃത്വം. ചൈന നിക്ഷേപിച്ച 19 ബില്യൺ ഡോളറിൽ 9 ബില്യൺ ഡോളർ വരുന്ന തുക വകമാറ്റി ചെലവഴിച്ചെന്നു പാക്കിസ്ഥാൻ സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ പറഞ്ഞെന്ന വെളിപ്പെടുത്തലാണ് വിവാദമാകുന്നത്. ജനറൽ ബജ്വ ഒരു മാധ്യമപ്രവർത്തകനോട് പറഞ്ഞതാണ് എന്ന തരത്തിൽ പാക്ക് ചാനലായ എആർഐയുടെ അവതാരകൻ ഒരു ടോക് ഷോയിലാണ് ഇക്കാര്യം പറഞ്ഞത്.
നിലവിലെ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്ലിം ലീഗി(എൻ)ന്റെ അന്നത്തെ സർക്കാരും മറ്റുള്ളവരുമാണ് ഇതിനു നേതൃത്വം നൽകിയതെന്നും പറഞ്ഞു. എന്നാൽ വെളിപ്പെടുത്തൽ ഉണ്ടായതിനു പിന്നാലെ ഇതിന്റെ ആധികാരകത ചോദ്യം ചെയ്ത് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ അടക്കം രംഗത്തുവന്നു. ‘ശുദ്ധ അസംബന്ധം’ എന്നാണ് പാക്ക് സൈനിക മേധാവി ഇതിനോടു പ്രതികരിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചത്.
പാക്കിസ്ഥാൻ – ചൈന സാമ്പത്തിക ഇടനാഴിക്കായി ചൈന നിക്ഷേപിച്ച പണത്തിൽനിന്നു പാക്കിസ്ഥാൻ മുസ്ലിം ലീഗി(എൻ)ന്റെ നേതൃത്വത്തിലുള്ള സർക്കാർ കവർന്നെന്ന് പാക്ക് സൈനിക മേധാവി തന്നോട് പറഞ്ഞെന്നാണ് എആർഐ അവതാരകന്റെ അവകാശവാദം. മറ്റു രണ്ടു പേരുടെ സാന്നിധ്യത്തിലാണ് ജനറൽ ബജ്വ ഇക്കാര്യം പറഞ്ഞതെന്നും അവതാരകൻ ടോക് ഷോയിലൂടെ വെളിപ്പെടുത്തി.
ചൈനയുടെ പക്കൽ ഇതുസംബന്ധിച്ച് തെളിവുകളുണ്ടെന്നും നാണക്കേടു കാരണം ചൈന പുറത്തിവിടാത്തതാണെന്നും ജനറൽ പറഞ്ഞതായി ഇയാൾ പറയുന്നു. ഇക്കാര്യത്തിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ താൻ മറുപടി പറയാൻ തയാറാണെന്നാണ് അവതാരകന്റെ നിലപാട്.