ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ തയാറാകാത്തതിനെ തുടർന്നു മകളെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി. മെഹബൂബ് നഗര്‍ ജില്ലയിലെ ജൈനല്ലിപ്പൂരിലാണു സംഭവം. നിര്‍മാണ തൊഴിലാളിയായ ദല്ലയ്യ കൃഷ്ണയ്യയാണ് ഇരുപത്തിമൂന്നുകാരിയായ മകൾ സരസ്വതിയെയും ഭാര്യ കാലമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണയ്യ അപകടനില തരണം ചെയ്തതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി.കെ. മഹേശ്വര റാവു പറഞ്ഞു.
മേയ് 8നായിരുന്നു സരസ്വതിയും അയൽഗ്രാമത്തിലെ കർഷകനായ വെങ്കിടേഷും തമ്മിലുള്ള വിവാഹം. കുറച്ചുനാൾ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ സരസ്വതി മടങ്ങിപ്പോകാൻ തയാറല്ലെന്ന് അറിയിച്ചു. തന്നെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നും വെങ്കിടേഷിനെ ഇഷ്ടമല്ലെന്നും സരസ്വതി മാതാപിതാക്കളോടു പറഞ്ഞു. തന്റെ ഭാര്യയെ തിരച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷ് കൃഷ്ണയ്യയെ വിളിച്ചു. സമ്മർദത്തിലായ ഇയാൾ ഭാര്യയോടു കാര്യം പറഞ്ഞെങ്കിലും കാലമ്മ മകളെ പിന്തുണയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ഉറക്കത്തിലായ കാലമ്മയെയും സരസ്വതിയെയും കൃഷ്ണയ്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബന്ധുവായ കേശവുലുവിനെ വിളിച്ച് കൊലപാതകത്തെക്കുറിച്ചു പറഞ്ഞശേഷം താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും കൃഷ്ണയ്യ അറിയിച്ചു. കേശവുലു മറ്റ് ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകളും ഭാര്യയും മരിച്ചു.