ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. നാലാം പാദത്തിലെ ഇടിവിന് ശേഷവും ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാകാൻ ഇന്ത്യക്ക് കഴിഞ്ഞു. അതിനിടെ സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.
2020 – 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 – 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ) 5.4 ശതമാനമായിരുന്നു ജിഡിപി വളർച്ച. രണ്ടാംപാദത്തില്‍ (ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെ) 8.5 ശതമാനം ജിഡിപി വളർച്ച കൈവരിച്ചിരുന്നു. 2021 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള ആദ്യ പാദത്തില്‍ 20.3 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനായതാണ് ഇപ്പോഴത്തെ നിലയിലേക്ക് ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ മുന്നിലെത്താൻ ഇന്ത്യക്ക് കരുത്തായത്.
യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ക്രൂഡോയില്‍ വില ഉയർന്നതും 2022 ജനുവരിയിൽ ഒമിക്രോൺ ബാധ രാജ്യത്തെ വെല്ലുവിളിച്ചതുമെല്ലാം സാമ്പത്തിക പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയിരുന്നു. ഇതാണ് നാലാം പാദവാർഷികത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരിക്കാൻ കാരണം. എങ്കിലും ആദ്യ മൂന്ന് പാദങ്ങളിലെ മെച്ചപ്പെട്ട വളർച്ചയോടെ മുന്നിലെത്താനായത് ഇന്ത്യക്ക് പ്രതീക്ഷയാണ്. 2022 -23 സാമ്പത്തിക വർഷത്തിലും രാജ്യം മികച്ച സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.