കൊല്ലം: ഭരണിക്കാവ് ജെ.എം ഹൈസ്കൂളിന് മുന്നിൽ ദേശീയപാതയോരത്തെ മരക്കൊമ്പിൽ ഇന്ന് (ചൊവ്വ) രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹന വിലാസത്തിൽ മനു(38) ആണ് മരിച്ചത്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇരു ചക്ര വാഹനത്തിലെത്തി മതിലിൽ കയറി മരത്തിൽ കയറു കെട്ടി തൂങ്ങിയതുപോലെയാണ് കാണപ്പെട്ടത്. രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കുടുംബ വീടുമായി മനു അടുപ്പം പുലർത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കൊട്ടാരക്കര – പുത്തൂർ – തെങ്ങമം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. അടുത്ത കാലത്തായി ടിപ്പർ ലോറിയിലായിരുന്നു ജോലി. കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ യുവതിയെ 15 വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പിന്നീട് ഇവരെ ഉപേക്ഷിച്ചു.
ഈ ബന്ധത്തിൽ 14 വയസുള്ള ഒരു മകനുണ്ട്. നിയമപരമായി ബന്ധം വേർപെടുത്താതെ ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശിയായ യുവതിക്കും അവരുടെ 10 വയസുള്ള മകൾക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു.
ഈ യുവതിയും ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്തിയിരുന്നില്ല. മൃതദേഹത്തിൽ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിൽ ശാസ്താംകോട്ട പോലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. പള്ളിശേരിക്കലിൽ രണ്ടാം ഭാര്യയുടെ 10 വയസുള്ള മകള്‍ കളിക്കാൻ പോകുന്ന ഗ്രൗണ്ടിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിന് കാരണമത്രേ. സമാന പ്രായക്കാരായ മറ്റ് കുട്ടികൾക്കൊപ്പം കളിക്കവേ മുതിർന്ന് മറ്റ് കുട്ടികൾ ഇവർക്കിടയിലൂടെ സൈക്കിൾ ചവിട്ടി ശല്യപ്പെടുത്തി. ഇത് കുട്ടികൾ തമ്മിൽ വാക്ക്തർക്കത്തിനിടയാക്കി. തുടർന്ന് വീടുകളിലെത്തി പരാതി പറയുകയും ചെയ്തു.
പ്രകോപിതനായ മനു കളിസ്ഥലത്തെത്തി ഭീഷണി മുഴക്കുകയും കളിസ്ഥലം നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രദേശവാസികളായ ചിലർ മനുവിന്റെ വീട്ടിലെത്തി ഇത് ചോദ്യം ചെയ്തപ്പോൾ മനു അവരോടും പ്രകോപനപരമായി പെരുമാറി.
കഴിഞ്ഞ 23 ന് ഇവർ ശാസ്താംകോട്ട പോലീസിൽ പരാതി നൽകുകയും പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് ചർച്ച ചെയ്ത് വിടുകയും ചെയ്തു. എന്നാൽ തന്റെ ഭാഗം പോലീസ് കേട്ടില്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും തന്നെ മാത്രം പ്രതിയാക്കിയതിലുള്ള
മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കത്തിലുള്ളത്. പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തീരുമാനത്തെ ഭാര്യ എതിർത്തതും മനോവിഷമത്തിന് ഇടയാക്കിയതായി പറയപ്പെടുന്നു.