കൊച്ചി: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ആവശ്യവുമായി നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് ആലുവ സ്വദേശിനിയായ ആദില നസ്രിന്. ഒപ്പം ജീവിക്കാനെത്തിയ പങ്കാളിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടു പോയെന്നും ഒന്നിച്ചു സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് സ്വവര്‍ഗാനുരാഗിയായ ഈ യുവതിയുടെ ആവശ്യം.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുപോയെന്നും അതിന് ശേഷം കാണാനില്ലെന്നും ആദില നസ്രിന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം. രക്ഷകര്‍ത്താക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് യുവതി നിയമസഹായം തേടിയത്.തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ പങ്കാളിയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാനില്ലെന്നുമാണ് പരാതി. ഉടന്‍ കോടതിയെയും സമീപിക്കുമെന്ന് ആദില പറഞ്ഞു. കോഴിക്കോട് താമരശേരി സ്വദേശിനിയാണ് ആദിലയുടെ പങ്കാളി.
സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിന് താമരശ്ശേരി സ്വദേശിനിയായ 23കാരിയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ടു. തുടര്‍ന്നാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഈമാസം 19ന് കോഴിക്കോടെത്തിയ ആദില പങ്കാളിയുമായി കോഴിക്കോട് തന്നെയുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറി. അവിടെ ബന്ധുക്കള്‍ തെരഞ്ഞെത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. പിന്നാലെ ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
എന്നാല്‍ താമശ്ശേരിയില്‍ നിന്ന് പങ്കാളിയുടെ ബന്ധുക്കള്‍ എത്തി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ മാതാപിതാക്കളും അവര്‍ക്കൊപ്പം നിന്നതായി ആദില ആരോപിക്കുന്നു. കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞാണ് തന്നെ കൊണ്ടുപോയതെന്ന് താമരശ്ശേരി സ്വദേശിനി പറഞ്ഞു. പക്ഷേ ഇന്നേവരെ അവളെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. അവളെ കൊണ്ടുപോകാനെത്തിയവരുടെ ഫോണ്‍ കിട്ടുന്നില്ലെന്നും ആദില പറഞ്ഞു. പ്രായപൂര്‍ത്തിയായ തന്നെയും പങ്കാളിയെയും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് പറയുന്ന ആദില, പൊലീസും കോടതിയും ഇടപെട്ട് തൻ്റെ പങ്കാളിയെ മോചിപ്പിച്ചു തന്ന് സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു.