NEWS

മൊബൈൽ സർവീസ് സെന്ററുകളിലെ കൊള്ള

മ്മുടെ മൊബൈൽ സർവീസ് സെന്ററുകളിലെ കൊള്ളയെപ്പറ്റിയാണ്  ഈ കുറിപ്പിൽ പറയുന്നത്.മാത്യു സാമൂവേൽ എന്നൊരാളാണ് ഇത് എഴുതിയത്.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ന് രാവിലെ അഞ്ചരയ്ക്ക് പെരും മഴയത്ത് പുറത്തേക്കു പോകേണ്ടി വന്നു. പെട്ടെന്ന് പോയി വരാം എന്നുകരുതി സ്‌കൂട്ടറിൽ ആണ് പോയത്. മൊബൈൽ റെയിന്കോട്ടിന്റെ പോക്കറ്റിലിട്ടു. ഇടയ്ക്കു ആരേലും വിളിക്കുവാണെങ്കിൽ എടുക്കാമല്ലോ എന്ന് കരുതിയാണ്, പക്ഷെ ആരും വിളിച്ചില്ല.
പോയ കാര്യം വിചാരിച്ച സമയത്ത് കഴിഞ്ഞില്ല, എട്ടരയോടെയാണ് മടങ്ങിവരാനായത്, ഇതുവരെ ആരും വിളിക്കാത്തതെന്താ എന്നാലോചിച്ചു മൊബൈൽ എടുത്ത് നോക്കുമ്പോൾ അനക്കമില്ല, കണ്ണ് തള്ളിയ പോലെ സാംസങ്ങിന്റെ ലോഗോ മാത്രം കാണാം. ഓണാവുന്നില്ല ഓഫാവുന്നില്ല, ഒരു ചലനവുമില്ല.
തണുപ്പടിച്ചു മരവിച്ചുകാണും എന്ന് കരുതി തിരിച്ചു വരുന്നവഴി തുറന്നിരുന്ന ഒരു ചെറിയ മൊബൈൽ കടയിൽ കാണിച്ചു.
ഇത് വാറന്റിയുള്ള ഫോണല്ലേ? ഞങ്ങൾ തൊട്ടാൽ ശരിയാവില്ല, വാറന്റി പോകും, നിങ്ങൾ സാം സങ്ങിന്റെ സർവീസ് സെന്ററിൽ കൊടുക്കൂ.
ശരി, അങ്ങനായ്‌ക്കോട്ടെ, സാംസങിന്റെ സർവീസ് സെന്ററിൽ തന്നെ കൊടുത്തേക്കാം. അത് എവിടെയാണ് എന്നറിയണമല്ലോ? ഞാൻ ഫോൺ വാങ്ങിച്ച നന്ദിലത്ത് ജി. മാർട്ടിൽ പോയി ചോദിച്ചു.
അവർ സർവീസ് സെന്ററിന്റെ അക്ഷാംശവും രേഖാംശവും ഉൾപ്പെടെയുള്ള ലൊക്കേഷൻ പറഞ്ഞു തന്നു. ഏതാണ്ട് ഒരു പത്തേകാൽ ആയപ്പോൾ അങ്ങോട്ട് വിട്ടു.
പാലാരിവട്ടത്താണ് പ്രസ്തുത സ്ഥാപനം. ഞാൻ കയറി ചെല്ലുമ്പോൾ അത്യാവശ്യം തിരക്കുണ്ട്, അതിനിടെ ഒരു ഒഴിഞ്ഞ കൗണ്ടർ കണ്ടപ്പോൾ അങ്ങോട്ട് ചെന്ന് ഫോൺ കൊടുത്തു.
ഫോണിൽ വെള്ളം കയറിയിട്ടുണ്ട്. ഫോൺ തുറന്നു നോക്കിയിട്ട് അവിടിരുന്നു ടെക്‌നീഷ്യൻ ഉവാച:
ഒക്കെ, മഴയത്ത് റോഡിലിറങ്ങിയിരുന്നു, ചാൻസുണ്ടാവും. ഇതിനിപ്പം എന്ത് ചെയ്യാം?
ബോർഡ് പോയി, ബോർഡ് മാറ്റണം.
ബോർഡോ? അതിനും വേണ്ടി വെള്ളം കേറാൻ ഫോൺ കുളത്തിലൊന്നും വീണില്ല, എൻ്റെ റെയിൻ കോട്ടിന്റെ പോക്കറ്റിലാരുന്നു. ചെറിയ ഈർപ്പം തട്ടിയേക്കാം.
ഹേയ്, ചെറിയ വെള്ളമൊന്നുമല്ല, വേണമെങ്കിൽ നെഹ്‌റു ട്രോഫി വരെ ഈ ഫോണിനാത്ത് നടത്താം, അതുപോലെ വെള്ളം കേറിയിട്ടുണ്ട്, ബോർഡ് പോയെന്നത് മൂന്നരത്തരം.
അപ്പോൾ ബോർഡ് മാറ്റണോ അതിനിപ്പം എന്നാ വിലവരും?
ഇപ്പം പറയാം. ഇതുപറഞ്ഞു ടെക്കി മുമ്പിലിരിക്കുന്ന കമ്പ്യൂട്ടറിൽ തപ്പുന്നു.
ബോർഡിന്… ബോർഡിന്…. ങാ, ബോർഡിന് വെറും എണ്ണായിരത്തി അറുനൂറു രൂപയേയുള്ളൂ.
അതായതു ഈ ഫോൺ ഇനി ഉപയോഗിക്കാനേൽ എണ്ണായിരത്തി അറുനൂറു രൂപ മുടക്കി ബോർഡ് മാറ്റി വെക്കണം ഏഹ്?
അതെന്തായാലും വേണം പിന്നെ ബോർഡ് മാറ്റി വെക്കുമ്പോഴേ ഡിസ്ലപ്ളേ പോയിട്ടുണ്ടോ എന്നറിയാൻ പറ്റൂ. ചിലപ്പോൾ അതും മാറ്റേണ്ടി വന്നേക്കാം. ചിലപ്പോഴല്ല, മിക്കവാറും മാറ്റേണ്ടിവരും.
അയ്യോ, അതിനെന്നാ ചെലവ് വരും.
നാലായിരത്തി ഇരുനൂറു രൂപ.
പിന്നെ ഇതിനു പുറമെ നിങ്ങളുടെ ലേബർ ചാര്ജും വരില്ലേ?
ലേബർ ചാർജ്ജല്ല സാർ, സർവീസ് ചാർജ്. അത് പരമാവധി ഒരു ആയിരത്തഞ്ഞൂറു രൂപയെ വരൂ.
എണ്ണായിരത്തി അറുനൂറ് അധികം നാലായിരത്തി ഇരുനൂറ് അധികം ആയിരത്തി അഞ്ഞൂറ്. സമം പതിനാലായിരത്തി മുന്നൂറ്. ഞാൻ രണ്ടുമാസം മുൻപ് പതിനാലായിരം രൂപ കൊടുത്തു വാങ്ങിയ ഫോണിന്റെ കിടപ്പു കണ്ടു ഞാനൊന്നു നോക്കി.
ഇതിനു വാറണ്ടിയൊന്നുമില്ലേ?
വെള്ളം കാട്ടുതീ മുതലായ പ്രകൃതി ദുരന്തങ്ങൾക്ക് വാറന്റിയില്ല.
കാൽ ചക്രത്തിന്റെ പൂച്ച മുക്കാൽ ചക്രത്തിന്റെ പാലുകുടിച്ചെന്നു പറഞ്ഞപോലെയായി.
ഞാനിങ്ങനെ നിർന്നിമേഷനായി അഴിച്ചു പിരുത്തിട്ടിരിക്കുന്ന ഫോണിനെ നോക്കിയിരിക്കുമ്പോൾ ടെക്‌നീഷ്യൻ ഇദം വദന്തി.
സാറിനെ വിളിച്ചാൽ കിട്ടുന്ന ഒരു ഫോൺ നമ്പറും അഡ്രസും താ, ഞങ്ങൾ ജോബ് ഐഡി ക്രിയേറ്റ് ചെയ്യാൻ പോകുകയാണ്. എന്നിട്ടു വിളിക്കാം.
എന്തിന്?
ബോർഡ് തീർച്ചയായും മാറ്റണം സാർ, അല്ലാതെ ഈ ഫോൺ ഉപയോഗിക്കാൻ പറ്റില്ല.
അനിയനൊരു കാര്യം ചെയ്, ഇപ്പോൾ അഴിച്ചു വെളിയിലിട്ട പാർട്സൊക്കെ പെറുക്കി അകത്തിട്ടിട്ട് ആ ഫോൺ അടച്ചിട്ടിങ്ങു താ.
അപ്പോൾ ബോർഡ് മാറ്റേണ്ടേ സാർ?
എന്തിനെടെ, പതിനാലായിരം രൂപയുടെ ഫോണിന് പതിനാലായിരത്തി മുന്നൂറു രൂപയുടെ റിപ്പയറ്, ഞാനിതു പോകുന്നവഴി ആ പ്ലാസ്റ്റിക് വേസ്റ്റ് ഇടുന്ന സ്ഥലത്ത് കളഞ്ഞിട്ടു ആ പൈസയ്ക്ക് വേറൊരു ഫോൺ വാങ്ങിച്ചോളാം.
അങ്ങനെ ഫോണുമായി വെളിയിൽ കടന്നു.
പോണ വഴി  കറുകപ്പള്ളിൽ നമുക്ക് പരിചയമുള്ള ഒരു കടയിൽ കൊണ്ടുപോയി ഫോൺ കൊടുത്തു.
മോനെ മുനീറെ, നീയീ ഫോണൊന്നു നോക്യേ,
ചെക്കൻ ഫോൺ തുറന്നു നോക്കി.
ഉള്ളില് കുറച്ചു വെള്ളം കേറിയിട്ടുണ്ടിക്കാ, ചെറിയ നനവുണ്ട്.
അതിനിപ്പം എന്താ ചെയ്യാ?
അത് ക്ളീൻ ചെയ്യാല്ലോ. ചെറിയ നാനവേയുള്ളൂ, വെള്ളം കേറി ഫങ്കസൊന്നും ആയ്ട്ടില്ല. ഇപ്പം റെഡ്യാക്കി തരാം.
ചെക്കൻ ഫോൺ തുറന്നു അതിന്റെ കിഡ്നിയും ലിവറും പാൻക്രിയാസും ഒക്കെയെടുത്ത് ഒരു ലോഷണിട്ടു തുടച്ചു ചില പാർട്സൊക്കെ ഒരു ചെറിയ ബ്ലോവർ വച്ച് ചൂടാക്കി. അവസാനം എല്ലാം പെറുക്കി അകത്തിട്ടു അടപ്പുമിട്ടു ഫോൺ കയ്യിൽ തന്നു. എല്ലാത്തിനും കൂടെ പരമാവധി പതിനഞ്ചു മിനിറ്റ്.
വിളിച്ചു നോക്കി, മെസ്സേജ് ചെയ്തുനോക്കി, ഫോട്ടോ എടുത്ത് നോക്കി, ഒരു കുഴപ്പവുമില്ല.
എത്രയായി മോനെ?
നൂറ് രൂപ മതി.
അങ്ങനെ സർവീസ് സെന്ററുകാർ പതിനയ്യായിരത്തിന്റെ ബില്ലടിക്കാനിരുന്ന ഫോൺ നൂറു രൂപയ്ക്കു റെഡിയാക്കിയിട്ട് അതിലാണ് ഈ പോസ്റ്റിടുന്നത്.
അപ്പൊ എല്ലാം പറഞ്ഞപോലെ !!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: