വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല: മുല്ലപ്പള്ളി
ആശയ സംഘര്‍ഷങ്ങള്‍ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ് കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടരുന്നത്.പരിണിത പ്രജ്ഞരായ മുതിര്‍ന്ന നേതാക്കളും ഊര്ജ്ജ്വലരും അച്ചടക്കമുള്ളവരും ആശയ വ്യക്തയുള്ളവരും ഉള്‍പ്പെടുന്ന യുവതല മുറയും ചേര്‍ന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്. ഇവരണ്ടും പരസ്പരം വിശ്വാസത്തോടെയും അതിലേറെ ഹൃദയബന്ധത്തോടെയും നീങ്ങിയതാണ് കോണ്‍ഗ്രസിന്റെ ചരിത്രം. അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള വേദി എന്നും കോണ്‍ഗ്രസിലുണ്ട്. താന്‍ അധ്യക്ഷനായ അന്നു മുതല്‍ പാര്‍ട്ടി വേദികളില്‍ പരിപൂര്‍ണ്ണ ആഭ്യന്തര ജനാധിപത്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി പുന:സംഘടന ഒരു നീണ്ട പ്രകിയയാണ്. അതു നീണ്ടുപോയതില്‍ വിഷമമുണ്ട്.കോണ്‍ഗ്രസ് പോലൊരു പ്രസ്ഥാനത്തില്‍ എല്ലാവരെയും സംതൃപ്തിപ്പെടുത്തി ഒരു ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്കരമാണ്.ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.എല്ലാവിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞു.എങ്കിലും അര്‍ഹതയുള്ള പലരെയും ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല.മന:പൂര്‍വ്വം ആരേയും ഒഴിവാക്കിയിട്ടില്ല.താനടക്കമുള്ള കെ.പി.സി.സി ഭാരവാഹികള്‍ എല്ലാം തികഞ്ഞവരല്ല.ന്യൂനതകളും പോരായ്മകളും എല്ലാവര്ക്കും കാണും.അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അച്ചടക്കം,ഐക്യം,സംഘബോധം എന്നിവ ഉണ്ടെങ്കില്‍ നമുക്ക് അസാധ്യമായി ഒന്നും തന്നെയില്ല.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് അടിയുമെന്നാണ് ശത്രുക്കള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ നമുക്ക് 20 ല്‍ 20 സീറ്റും നേടാന്‍ കഴിയുമെന്ന് ആത്മവിശ്വാസം താന്‍ അന്നു പ്രകടിപ്പിച്ചു.തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നമുക്ക് 19 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞു. നമ്മുടെ ഐക്യവും അച്ചടക്കവും ഒരുമയും കൊണ്ടാണ് അത് സാധ്യമായത്.
കെ.പി.സി.സി പ്രസിഡന്റ് പദവിയിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പിന്തുണ തനിക്ക് ലഭിച്ചു.ഡി.സി.സി അധ്യക്ഷന്മാര്, കെ.പി.സി.സി ഭാരവാഹികള്‍,ബൂത്ത്തലം വരെയുള്ള പ്രവര്‍ത്തകര്‍ അവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി സമീപകാലത്ത് നേടിയെടുത്ത വിജയങ്ങളുടേയും മുന്നേറ്റങ്ങളുടേയും അവകാശികള്‍. ബൂത്ത്തലം മുതല്‍ പാര്‍ട്ടിയില്‍ ഐക്യം കൊണ്ടുവരാന്‍ സാധിച്ചു. ‘എന്റെ ബൂത്ത്,എന്റെ അഭിമാനം’ എന്ന ക്യാമ്പയിനീലൂടെ 25000 വനിതകളെ സംഘടനാതലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.