തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ ജയില്‍ മോചിതനായ പി.സി.ജോര്‍ജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. ട്വന്റിഫോര്‍ കാമറാമാന്‍ എസ്.ആര്‍.അരുണിന് ഉൾപ്പടെ നിരവധി മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റിട്ടുണ്ട്.
പി.സി.ജോര്‍ജ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടുന്നതിനിടയില്‍ സ്വീകരണം നല്‍കാന്‍ എത്തിയ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്ന് മാധ്യമ പ്രവർത്തകരെ മര്‍ദിക്കുകയായിരുന്നു.ബിജെപി നേതാവ് വി.വി.രാജേഷ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്തിരിയാന്‍ തയാറായില്ല.ഒടുവില്‍ പൊലീസ് ഇടപെട്ടാണ് അക്രമിസംഘത്തെ അവിടെ നിന്ന് മാറ്റിയത്.
മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്.പിണറായി വിജയന്റെ നടപടികൾക്കെതിരെയുള്ള മറുപടി മറ്റന്നാൾ തൃക്കാക്കരയിൽ പറയുമെന്നും ബിജെപിക്കായി പ്രചാരണം നടത്തുമെന്നും പി.സി ജോർജ് പറഞ്ഞു.കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.