അബുദാബി: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 381 പേര്‍. 2,620 പേര്‍ക്ക് പരിക്കേറ്റു. 2020ല്‍ വാഹനാപകടങ്ങളില്‍ 256 പേരാണ് മരിച്ചത്. 2,437 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാഹനാപകടങ്ങളും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3,488 വാഹനാപകടങ്ങളാണ് ഉണ്ടായത്. 2020ല്‍ ഇത് 2,931 ആയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും കൃത്യമായ അകലം പാലിക്കാതെ സഞ്ചരിക്കുന്നതും പെട്ടെന്നുള്ള ലേന്‍ മാറ്റവും ബ്രേക്കിടലുമാണ് കൂടുതല്‍ അപകടങ്ങള്‍ക്കും കാരണമെന്ന് പൊലീസ് പറഞ്ഞു. 2020ല്‍ ലോക്ക്ഡൗണായിരുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡിലിറങ്ങാതിരുന്നതാണ് അപകടങ്ങള്‍ കുറയാന്‍ കാരണം.
ഓരോ വര്‍ഷങ്ങള്‍ കഴിയുമ്പോഴും യുഎഇയിലെ അപകട മരണങ്ങളുടെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ 712 പേര്‍ മരിച്ചിരുന്നു. 2015ല്‍ (675) 2016ല്‍ (725) 2017ല്‍ (525) 2018ല്‍ (469) 2019 (448) എന്നിങ്ങനെയാണ് വാഹനാപകടങ്ങളിലെ മരണ നിരക്ക്. കഴിഞ്ഞ വര്‍ഷം ഉണ്ടായ അപകടങ്ങളില്‍ മരിച്ചതും പരിക്കേറ്റതും കൂടുതല്‍ ഏഷ്യന്‍ സ്വദേശികള്‍ക്കാണ്.