തിരുവനന്തപുരം :കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. അതിജീവിതയ്ക്കു നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.കോടതിയെ സമീപിക്കാന്‍ ഇടയായതു സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്നും അതിജീവിത പറഞ്ഞു. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദിയും അറിയിച്ചു.
അതേസമയം കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു.എന്നും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്.ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും.ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ഇത് ആവർത്തിച്ചിരുന്നു.ഇത് കേരളമാണെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.പി സി ജോർജ്ജിന്റെ അറസ്റ്റും പ്രകോപനപരമായ മുദ്രാവാക്യം വിളിയുടെ പേരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.