ജമ്മുകാഷ്മീരിൽ ടിക്ടോക് താരമായ യുവതിയെ ഭീകരർ വെടിവച്ചു കൊന്നു. ബുദ്ഗാം സ്വദേശി അമ്രീൻ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ 10 വയസുകാരിക്ക് വെടിവയ്പിൽ പരിക്കേറ്റു.
ബുധനാഴ്ച രാത്രി 7.55 ന് അമ്രീൻ ഭട്ടിന്റെ വീടിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫർഹാൻ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് പ്രദേശം വളയുകയും അക്രമികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ശ്രീനഗറിലെ വീടിന് പുറത്ത് പോലീസുകാരനെ ഭീകരർ വെടിവച്ച് കൊന്നിരുന്നു. ആക്രമണത്തിൽ പോലീസുകാരന്റെ ഏഴുവയസുള്ള മകൾക്ക് പരിക്കേറ്റിരുന്നു.