ഷാഫിയുടെ സംവിധാനത്തില്‍ മമ്മൂട്ടി, വിനു മോഹന്‍, മനോജ് കെ. ജയന്, ജനാര്ദ്ദനന്, ലക്ഷ്മി റായ്, മൈഥിലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2009-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ചലച്ചിത്രമാണ് ചട്ടമ്പിനാട്.
ബിഗ് സ്ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്ലേ ഹൗസ് റിലീസ് ആണ്. ബെന്നി പി. നായരമ്പലം ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.ദശമൂലം ദാമു എന്ന സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രം ഏറെ ആരാധകരെ സൃഷ്ടിച്ചു. ട്രോളുകളിലും ഇന്ന് ദശമൂലം ദാമു ഒരു തരംഗമാണ്.
ചട്ടമ്പിനാട് എന്ന സിനിമയില്‍ തനിക്ക് ആദ്യം കഥാപാത്രം ഒന്നുമില്ലായിരുന്നുവെന്നും എന്നാല്‍ താന്‍ ആ സിനിമയില്‍ അവസരം ചോദിച്ചതിനെ തുടര്‍ന്ന് പിന്നീട് സംവിധായകനും തിരക്കഥാകൃത്തും കൂട്ടിച്ചേര്‍ത്ത കഥാപാത്രമാണ് ദശമൂലം ദാമു എന്ന് സുരാജ് ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു. ട്രോളന്മാരാണ് ഈ കഥാപാത്രത്തിന് ഹൈപ്പ് ഉണ്ടാക്കി കൊടുത്തതെന്നും ദശമൂലംദാമുവിനെ ഇത്രയധികം ആഘോഷിച്ച ട്രോളന്മാര്ക്ക് സുരാജ് നന്ദി പറയുകയും ചെയ്തു.ദശംമൂലം 2 ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന് രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകന്.