കാലുകളിലെ രക്തക്കുഴലുകളില്‍ നീരോ വേദനയോ അനുഭവപ്പെടാറുണ്ടെങ്കിൽ അത് വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളാവാം. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍.
ശരീരത്തിലെ ചില രക്തക്കുഴലുകള്‍ വീര്‍ക്കുകയും വലുതാവുകയും നീലയോ കടും പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന്റെ താഴ് ഭാഗങ്ങളിലുള്ള അവയവയങ്ങളിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. പ്രത്യേകിച്ച് കണങ്കാല്, കാല്‍മുട്ടിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് അധികമായും വെരിക്കോസ് വെയിന്ഈ കാണുന്നത്.
പ്രധാനമായും കാലുകളിലൂടെയുള്ള രക്തക്കുഴലുകള്‍ അതിന്റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്ക്കുന്ന ആളുകളില്‍ രക്ത ചംക്രമണം ശരീയായ രീതിയില്‍ നടക്കാതെ വരുന്നത് കാരണം രക്തധമനികളിലെ അശുദ്ധ രക്തം കാലിലെ ധമനികളില്‍ അടിഞ്ഞ് കൂടും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനിടയാവുന്നത്.
വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ
കാലില്‍ കടുത്ത വേദന,
കാലുകളിലും കണങ്കാലുകളിലും നീര്,
കാലുകളില്‍ സ്പന്ദനം,
രാത്രികാലങ്ങളില്‍ കാലിലെ പേശികകളുണ്ടാവുന്ന വലിവ്,
കാലിലെ ചര്‍മം വളരെ നേര്‍ത്തതായി കാണുക.
രാത്രി സമയങ്ങളില്‍ കാലിലുണ്ടാകുന്ന ചൊറിച്ചില്‍,
ദീര്‍ഘ നേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ കാലില്‍ വേദന അനുഭവപ്പെടുക,
ഇത്തരത്തില്‍ വെരിക്കോസ് വെയിന്‍ കാരണമുള്ള വേദനകള്‍ക്ക് ശമനം ലഭിക്കുന്നതിനായി നിരവധി മാര്‍ഗങ്ങളുണ്ട്.
കംപ്രഷന്‍ സോക്സുകള്‍ അല്ലെങ്കില്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നത് രക്ത പ്രവാഹം സുഗമമാക്കുന്നു. കൂടാതെ കാലിലെ വീക്കം, നീര് എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ചെറുതും ഇടത്തരവുമായ വെരിക്കോസ് സിരകളുള്ളവര്ക്ക് സ്ക്ലിറോതെറാപ്പി അനുയോജ്യമാണ്. സിരകളിലേക്ക് രാസവസ്തു കുത്തിവെയ്ക്കുന്നതാണ് ഈ ചികിത്സ രീതി. ഇത് കാലില്‍ അശുദ്ധ രക്തം അടയുന്നത് ഇല്ലാതാക്കുന്നു.
എല്ലാ ദിവസവും വ്യായാമം ചെയ്യുക. ഇത് ശരീരത്തിലെ രക്ത പ്രവാഹത്തിന് ഏറെ സഹായകരമാണ്. അധിക നേരം നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്. ഇരിക്കുമ്പോള്‍ കാലുകള്‍ കൂടുതല്‍ നേരം തൂക്കിയിടരുത്. ഇത്തരത്തില്‍ തൂക്കിയിട്ടാല്‍ കണങ്കാലിലും പാദങ്ങളിലും കൂടുതല്‍ രക്തം അടിഞ്ഞുകൂടുന്നതിനും കാലില്‍ നീര് വരുന്നതിനും കാരണമാകും. രക്ത ചംക്രമണം നല്ല രീതിയില്‍ നടക്കുന്നതിനായി ശ്വസന വ്യായാമങ്ങള്‍ പതിവാക്കുക.
ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷണത്തിലുള്‍പ്പെടുത്തുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. വേദനയോ കുടുതല്‍ ലക്ഷണങ്ങളോ കാണുന്നത് വരെ കാത്തിരിക്കരുത്. വേദന അനുഭവപ്പെടുകയാണെങ്കില്‍ ഇത്തരം ഭാഗങ്ങളില്‍ തടവുകയോ (മസാജ്) ചൂട് പിടിക്കുകയോ ചെയ്യരുത്.
കൂടുതലായുള്ള വെരിക്കോസ് വെയിന്‍ പ്രശ്നങ്ങള്‍ വിവിധ ഓപ്പറേഷനിലൂടെ ഒരു പരിധി വരെ മാറ്റിയെടുക്കാം. എന്നിരുന്നാലും അത്തരം ചികിത്സകള്‍ പലപ്പോഴും ഫലപ്രദമാകാറില്ലെന്ന് ചില പഠനങ്ങള്‍ പറയുന്നു.
രോഗങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.അതേ സമയം ചില വ്യക്തികളില്‍ കുടുംബ പാരമ്ബര്യമായും ഇത്തരം രോഗങ്ങള്‍ വരാനുള്ള സാധ്യതകളുണ്ട്. ഇത്തരം സാഹചര്യത്തിലുള്ളവര്‍ തുടക്കത്തിലെ കംപ്രഷന്‍ ഗാര്‍മെന്റ്സ് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലപ്രദമായേക്കും.