NEWSWorld

ഭര്‍ത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അഫ്ഗാന്‍ സ്ത്രീകളോട് താലിബാന്‍, ഇറുകിയ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വിലക്കി തുര്‍ക്ക്‌മെനിസ്താൻ

താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാന്റെ മുഖഛായ തന്നെ മാറ്റി. അധിനിവേശങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ആദ്യം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. സ്ത്രീകള്‍ റെസ്റ്റോറന്റുകളില്‍ പോകുന്നതും ഭക്ഷണശാലകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ ഇരിക്കുന്നതും താലിബാന്‍ നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ ദിവസങ്ങളില്‍ പാര്‍ക്കുകളില്‍ പോകാമെന്നാണ് ഭീകരസംഘടനയുടെ ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തില്‍, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് വിലക്കുകയും ശരീരം മുഴുവന്‍ മറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് അവസാനമായി താലിബാന്‍ കൈകൊണ്ട തീരുമാനം. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇവിടെ വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. പുരുഷ കൂട്ടാളികളില്ലാതെ ടാക്‌സികളില്‍ ഇരുന്നതിന് സ്ത്രീകളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്നു. സഹപാഠികളായ പുരുഷന്‍മാര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും ശിക്ഷിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ മനുഷ്യാവകാശങ്ങളും സ്ത്രീകളുടെ അവകാശങ്ങളും താലിബാന്‍ ഭരണത്തിന് കീഴില്‍ പരസ്യമായി ലംഘിക്കപ്പെടുന്നു. മുന്‍ കാലത്തെ അപേക്ഷിച്ച്‌ ഉദാരമായി ഭരിക്കുമെന്ന വാഗ്ദാനത്തില്‍ നിന്ന് താലിബാന്‍ ഇപ്പോള്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുന്നു.

Signature-ad

റെസ്റ്റോറന്റില്‍ സ്ത്രീകളോടും പുരുഷന്മാരോടും വെവ്വേറെ ഇരിക്കാന്‍ ആവശ്യപ്പെട്ടതായി പുതിയ ഉത്തരവ് സ്ഥിരീകരിച്ച്‌ ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍. ഭര്‍ത്താവും ഭാര്യയും ആണെങ്കിലും, നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ് എന്ന് റെസ്റ്റോറന്റ് ഉടമകള്‍ക്ക് വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉത്തരവ് തങ്ങളുടെ ബിസിനസിന് വൻ നഷ്ടമായിട്ടാണ് റെസ്റ്റോറന്റ് ഉടമകള്‍ കാണുന്നത്.

തുര്‍ക്ക്‌മെനിസ്താനില്‍ ഇറുകിയ വസ്ത്രങ്ങള്‍ക്കും സൗന്ദര്യവര്‍ധക വസ്തുക്കൾക്കും വിലക്ക്

തുര്‍ക്ക്‌മെനിസ്താനില്‍ സ്ത്രീകളുടെ സൗന്ദര്യവര്‍ധക സേവനങ്ങള്‍ക്ക് വിലക്ക്. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുക, മുടി ഡൈ ചെയ്യുക, ബ്ലീച്ച്‌ ചെയ്യുക, നഖം വെച്ചുപിടിപ്പിക്കുക, കൃത്രിമ കണ്‍പീലികള്‍ വെക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീകള്‍ ചെയ്യുന്നതും രാജ്യത്ത് നിരോധിച്ചു.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ചുണ്ടുകളുടെയും സ്തനങ്ങളുടെയും വലിപ്പം കൂട്ടുക, പുരികം കൃത്രിമമായി വരച്ചുചേര്‍ക്കുക എന്നിവ വരും ദിവസങ്ങളില്‍ നിരോധിക്കുമെന്നാണ് വിവരം.

നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി പേരുടെ തൊഴിലിന് ഭീഷണിയാകും. ഇതിനോടകം തന്നെ ഒരുപാട് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ബ്യൂട്ടി സലൂണുകള്‍ വ്യാപകമായ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇറുകിയ വസ്ത്രങ്ങള്‍, നീലനിറത്തിലുള്ള ജീന്‍സ് എന്നിവ ധരിക്കുന്നതിനും നിരോധനമുണ്ട്. വീതിയുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാമെന്നാണ് നിര്‍ദേശം. നിരോധിച്ച സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ച പല സ്ത്രീകളെയും പോലീസ് പിടിച്ചതായും പിഴ അടപ്പിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗന്ദര്യ വസ്തുക്കളില്‍ ഏര്‍പ്പെടുത്തിയ നിരോധനം കൂടാതെ മറ്റ് നിയന്ത്രണങ്ങളും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളോടൊപ്പം മാത്രമേ സ്ത്രീകള്‍ യാത്ര ചെയ്യാവൂ, കാറിന്റെ മുന്‍സീറ്റില്‍ സ്ത്രീകള്‍ ഇരിക്കുന്നതിനും വിലക്കുണ്ട്.

എന്തുകൊണ്ടാണ് ഇത്രയുമധികം വിലക്കുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് എന്നതിന് വ്യക്തമായ വിശദീകരണങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടില്ല.

Back to top button
error: