അഴിമതിയുടെ ‘മന്ത്രമണി’ക്കഥകൾ, കോട്ടയം നഗരസഭ കൊള്ളയും കെടുകാര്യസ്ഥതയും കൊണ്ട് ചീഞ്ഞുനാറുന്നു
അഴിമതി കൊടികുത്തി വാഴുകയാണ് കോട്ടയം നഗരസഭയിൽ. തൂണിനു പോലും കൈക്കൂലി കൊടുക്കണം എന്നതാണ് കോട്ടയം നിവാസികളുടെ പരാതി. കിട്ടുന്ന സമയത്തിനുള്ളിൽ കഴിയുന്നത്ര കയ്യിട്ടുവാരാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ കൗൺസിലർമാരും.
ജനക്ഷേമകരമായ ഒരു കാര്യവും ചെയ്യാൻ ശ്രമിക്കാതെ അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് മന്ദീഭവിച്ചു നിൽക്കുകയാണ് നഗരസഭ.
കോട്ടയം നഗരസഭാകവാടത്തിൽ എത്തിയാൽ തന്നെ ഈ നിർജ്ജീവാവസ്ഥ പ്രകടമാകും. സമീപകാലത്ത് നിലവിൽ വന്ന കട്ടപ്പന പോലുള്ള നഗരസഭകൾ പ്രൗഡിയോടെ തലയുയർത്തി നിൽക്കുമ്പോൾ നിഷ്ക്രീയത്വത്തിൻ്റെ ഇരുളു വീണ ഭാർഗവിനിലയം പോലെ മരവിച്ചു, മന്ദീഭവിച്ചു നിൽക്കുകയാണ് കോട്ടയം നഗരസഭ.
സ്വാർത്ഥ ലാഭങ്ങളില്ലാത്ത, രാഷ്ട്രീയ ചൂതാട്ടങ്ങൾക്കു വഴങ്ങാത്ത ഒട്ടേറെ പ്രഗത്ഭമതികൾ ഭരണസാരഥ്യമേറിയ കോട്ടയത്തിൻ്റെ പുതിയ പുതിയ ‘നഗരപിതാവി’ന് രാഷ്ട്രീയ-ഭരണ പരിചയങ്ങളൊന്നുമില്ല. പൊതുപ്രവർത്തനത്തിൻ്റെ ബാലപാഠവുമറിയില്ല.
വിദേശത്ത് നഴ്സായിരുന്നു നമ്മുടെ ‘നഗരപിതാവ്’. ജോലി വിട്ട് നാട്ടിലെത്തിയപ്പോൾ പൊതുപ്രവർത്തനം എന്നൊരു പൂതി തോന്നി. യു.ഡി.എഫ്കാരിയാണെങ്കിലും അവർ സീറ്റ് കൊടുത്തില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. 52 കൗൺസിലർമാരിൽ എട്ടുപേർ ബിജെപി. 22 വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും… ഒടുവിൽ നറുക്ക് വീണു, ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപെഴ്സൻ….
‘ഏതപ്പാ കോതമംഗലം’ എന്നൊരു ചൊല്ലുണ്ടല്ലോ മലയാളത്തിൽ അതുപോലെയാണ് ഇപ്പോൾ നഗരഭരണം.
കഴിഞ്ഞദിവസം നഗരസഭയിലെ ഫ്രണ്ട് ഓഫീസ് ക്ലാർക്ക് കളത്തിപ്പടിയിൽ പുതിയതായി നിർമ്മിച്ച മണിമാളികയുടെ ഗൃഹപ്രവേശന ചടങ്ങ് നടന്നു. ഒന്നിലേറെ വീടുകൾ സ്വന്തമായുള്ള ഇദ്ദേഹമാണത്രേ കോട്ടയം നഗരസഭാ ഓഫീസിലെ അഴിമതിയുടെ കരാറുകാരൻ.
ഇദ്ദേഹം നഗരസഭാ ക്ലീനിങ് ജീവനക്കാർക്കും പുറത്തുള്ള വ്യാപാരികൾക്കും കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി വ്യാപക പരാതി ഉയർന്നു കേൾക്കുന്നുണ്ട്. ജീവനക്കാരിൽനിന്ന് ശമ്പള ദിവസം തന്നെ പലിശപ്പണം വാങ്ങിയെടുക്കും. അവധി പറയുന്നവരെ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
പത്ത് രൂപ പലിശയ്ക്കാണ് പണം നൽകുന്നത്. തൊണ്ണൂറായിരം രൂപ നല്കിയാൽ മുപ്പതാം ദിവസം ഒരു ലക്ഷം തിരികെ നൽകണം എന്നാണ് വ്യവസ്ഥ.
നഗരസഭാ അധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന ഈ തീവെട്ടി കൊള്ള കണ്ടില്ലെന്ന് നടിക്കുക്കുകയാണ് മേലാളന്മാർ. ക്ലറിക്കൽ സ്റ്റാഫായ ഇയാൾക്ക് വൻ സ്വാധീനമാണ് നഗരസഭയിൽ. ഇയാളുടെ അനധികൃത സ്വത്തു സമ്പാദനത്തേക്കുറിച്ച് വിജിലൻസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായാണ് സൂചന.
പി.എസ്.സിയിലൂടെയോ മറ്റ് നേർവഴികളിലൂടെയോ ജോലി ലഭിച്ചവരല്ല നഗരസഭയിലെ പ്രധാന സ്ഥാനങ്ങളിലുള്ള പലരും. ആശ്രിതനിയമനത്തിൻ്റെ ആനുകൂല്യത്തിൽ കയറിപ്പറ്റിയതാന്ന് പലരും. മേൽ പറഞ്ഞ വ്യക്തിയും നിയമനം നേടിയത് ആശ്രിത നിയമനത്തിൻ്റെ മറവിലാണ്. കംപ്യൂട്ടർ മോഷണത്തിന് സസ്പെൻഷനിലായി വീണ്ടും സർവപ്രതാപങ്ങളോടെ അധികാരത്തിൽ തിരിച്ചെത്തിയ മറ്റൊരാളുമുണ്ട് കഥയിൽ. ഇവരുടെയൊക്കെ അനധികൃത സമ്പാദ്യങ്ങളുടെ അഴിമതിക്കഥകൾ പുറം ലോകം അറിയാനിരിക്കുന്നതേയുള്ളൂ. വാസ്തവം പറഞ്ഞാൽ നഗരസഭാ ഭരണം ഇവരുടെയൊക്കെ കൈകളിലാണ്.
ഭരണത്തിൻ്റെയോ ജനക്ഷേമ പ്രവർത്തനങ്ങളുടെയോ ബാലപാഠം അറിയാത്തവർ അധികാര കസേരയിലിരിക്കുമ്പോൾ മറ്റെന്തു സംഭവിക്കാൻ…
നഗരസഭയുടെ പടിവാതിൽ കടന്ന് ഉള്ളിൽ പ്രവേശിക്കണമെങ്കിൽ വെറ്റിലയും പാക്കും 500 രൂപയുടെ കറൻസിയും അവിടുത്തെ തമ്പുരാക്കന്മാർക്ക് ദക്ഷിണ നൽകണമെന്നാണ് നഗരസഭാ വാസിയായ ഒരു സരസൻ്റെ കമൻറ്.
‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ എന്നല്ലേ ചൊല്ല്…
കോട്ടയം നഗരസഭയിലെ ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകൾ ഇവിടെ അവസാനിക്കുന്നില്ല… വീണ്ടും വരും ദിവസങ്ങളിൽ വായിക്കാം