വാട്ട്സ് ആപ് ഗ്രൂപ്പിൽ പ്രവാചകനെക്കുറിച്ച് ഇട്ട പോസ്റ്റ് മതനിന്ദയാണെന്ന് ആരോപിച്ചു വിദ്യാർഥിനിയെ ചുട്ടുകൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ സോകോട്ടോയിലാണ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ ഒരു സംഘം സഹപാഠികൾ ചേർന്നു കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയും ഒടുവിൽ തീകൊളുത്തുകയും ചെയ്തത്.
ഡെബോറ സാമുവൽ എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. വിദ്യാർഥികളുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ഒരു മുസ്ലിം സഹപാഠി ഇട്ട പോസ്റ്റിനെ വിമർശിച്ചതാണ് മതനിന്ദയാണെന്ന് ആരോപണം ഉയരാൻ കാരണം.
ഇതിൽ പ്രതിഷേധിച്ച് ഒരു സംഘം വിദ്യാർഥികൾ സംഘർഷം തുടങ്ങിയപ്പോൾ നേരിടാൻ പോലീസ് എത്തിയെങ്കിലും സംഘർഷം ശമിപ്പിക്കാനായില്ല. സ്കൂൾ സുരക്ഷാ ജീവനക്കാരും പോലീസും പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിദ്യാർഥികൾ കല്ലും വടിയും ഉപയോഗിച്ചു വിദ്യാർഥിനിയെ മർദിച്ചു. തുടർന്ന് അവളെ തീ കൊളുത്തുകയായിരുന്നു.
പെൺകുട്ടിയെ തീകൊളുത്തിയ ശേഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന അക്രമി സംഘത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കരുണയ്ക്കായുള്ള പെൺകുട്ടിയുടെ നിലവിളിക്കു യാതൊരു പരിഗണനയും നൽകാതെയാണ് അക്രമിസംഘം അവളെ ആക്രമിച്ചതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. അക്രമിസംഘത്തിലുണ്ടായിരുന്നവർ അല്ലാഹു അക്ബർ എന്നു വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.
ആക്രമണത്തെത്തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി സോകോട്ടോയിലെ ഷെഹു ഷാഗരി കോളജ് ഓഫ് എഡ്യൂക്കേഷൻ പ്രസ്താവനയിൽ പറഞ്ഞു. 2007ൽ വടക്കുകിഴക്കൻ മേഖലയിലെ ഒരു സെക്കൻഡറി സ്കൂളിൽ ഖുർആനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഒരു സംഘം മുസ്ലിം വിദ്യാർഥികൾ അധ്യാപികയെ അടിച്ചു കൊലപ്പെടുത്തിയിരുന്നു.