എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളത്തിലെ നിരവധി ക്ലാസിക് സിനിമകളില്‍ നായികയായി തിളങ്ങിയ ഒരു മുംബൈക്കാരി സുന്ദരിയുണ്ട്. പൂര്‍ണ്ണമായും അന്യഭാഷ നടിയാണെന്ന് പറയാന്‍ കഴിയില്ല. അമ്മയും അച്ഛനും പാലക്കാട് സ്വദേശികളാണ്. പക്ഷെ നടി ജനിച്ചതും വളര്‍ന്നതുമൊക്കെ മുംബൈയിലാണ്. മലയാളത്തില്‍ നിരവധി മികച്ച സിനിമകളൊരുക്കിയ ഭരതനാണ് നടിയെ നായികയാക്കി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത്. ചുരുണ്ടമുടിയുള്ള സുന്ദരിയായ നടിയെ ആദ്യ സിനിമയിലൂടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയും ചെയ്തു. പിന്നീട് നിരവധി സിനിമകളില്‍ നടിയെ പ്രേക്ഷകര്‍ കണ്ടു.
ഭരതന്‍ സംവിധാനം ചെയ്ത ആ സിനിമ നിദ്ര ആയിരുന്നു. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ പുറത്തിറങ്ങിയ സിനിമയില്‍ നായികയായി തുടക്കം കുറിച്ച നടിയുടെ പേര് ശാന്തി കൃഷ്ണ എന്നും.അശ്വതി എന്ന കഥാപാത്രമായിട്ടാണ് ശാന്തികൃഷ്ണ നിദ്രയിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയിട്ടും മലയാളം കൈകാര്യം ചെയ്യാന്‍ ശാന്തികൃഷ്ണയ്ക്ക് വലിയ പ്രയാസമുണ്ടായില്ല.ആദ്യ കഥാപാത്രത്തെ തന്നെ നടി മികച്ചതാക്കുകയും ചെയ്തു.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത താരാട്ട് എന്ന സിനിമയിലാണ് ശാന്തികൃഷ്ണ പിന്നീട് അഭിനയിക്കുന്നത്. സിനിമയിലെ മീര എന്ന നായിക കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിവപ്പ് മല്ലി, ചിന്ന മുള്‍ പെരിയ മുള്‍, പനീര്‍ പുഷ്പങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെ നടി തമിഴിലും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം, കിലുകിലുക്കം തുടങ്ങിയ സിനിമകളിലും ശാന്തികൃഷ്ണ പ്രധാന വേഷത്തിലെത്തി. ഇതു ഞങ്ങളുടെ കഥ എന്ന പിജി വിശ്വംഭരന്‍ സിനിമയിലും നായികയായി ശാന്തികൃഷ്ണ അഭിനയിച്ചു.
സിനിമയില്‍ നായകനായ നടന്‍ ശ്രീനാഥുമായി പ്രണയത്തിലാവുകയും എണ്‍പത്തിനാലില്‍ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു.എന്നാല്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ബന്ധം വേര്‍പ്പിരിഞ്ഞു. മോഹന്‍ലാലിന്റെ നായികയായി എത്തിയ വിഷ്ണുലോകം എന്ന സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. കൗരവര്‍, മായാമയൂരം, ചെങ്കോല്‍, ഗാന്ധര്‍വ്വം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും. ചകോരം സിനിമയിലെ ശാരദാമണി, സുകൃതം സിനിമയിലെ ദുര്‍ഗ തുടങ്ങിയ കഥാപാത്രങ്ങള്‍ ശാന്തികൃഷ്ണയുടെ മികച്ച കഥാപാത്രങ്ങളാണ്. സദാശിവന്‍ എന്നയാളെ പിന്നീട് വിവാഹം ചെയ്‌തെങ്കിലും രണ്ടായിരത്തി പതിനാറില്‍ അതും വിവാഹ മോചനത്തില്‍ കലാശിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശാന്തികൃഷ്ണ തിരിച്ചുവന്നു. ഇപ്പോഴും സിനിമ ടെലിവിഷന്‍ രംഗത്ത് സജീവമാണ് നടി.