ബെംഗളൂരു: പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാരന് ചമഞ്ഞ് യുവതിയെ കബളിപ്പിച്ച് പണം തട്ടിയതിന് പിടിയിലായ അരഹന്ത് മോഹന്‍ കുമാര്‍ നാലുവര്‍ഷത്തിനിടെ 39 വിദേശയാത്ര നടത്തിയതായി കണ്ടെത്തല്‍. രണ്ടു ദിവസംമുതല്‍ 20 ദിവസംവരെ നീളുന്ന യാത്രകളാണ് നടത്തിയത്. വിദേശത്തും ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയോയെന്നതുസംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. വിദേശത്ത് പോയതെന്തിനെന്ന ചോദ്യത്തിന് ഇയാള്‍ തൃപ്തികരമായ മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ പ്രമുഖ കമ്പനിയിലെ സോഫ്റ്റ്വേര്‍ എന്‍ജിനിയറായ യുവതിയെ കബളിപ്പിച്ച് 89 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ ഒരാഴ്ച മുമ്പാണ് രാജാജി നഗര്‍ സ്വദേശിയായ അരഹന്ത് മോഹന്‍കുമാര്‍ അറസ്റ്റിലായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥാണെന്ന് പറഞ്ഞ് വിമാനത്തില്‍ വെച്ചാണ് യുവതിയെ ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇറ്റലിയിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കുമുള്ള യുവതിയുടെ തള്ളിപ്പോയ വിസാ അപേക്ഷകള്‍ ശരിയാക്കി നല്‍കാമെന്നുപറഞ്ഞാണ് പലതവണയായി പണം തട്ടിയത്.
ഇതിനിടെ തീവ്രവാദ ബന്ധം സംശയിച്ച് ചില രാജ്യങ്ങളില്‍ യുവതിയുടെ പേര് കരിമ്പട്ടികയിലുണ്ടെന്നും ഇതൊഴിവാക്കാമെന്ന് പറഞ്ഞും പണം വാങ്ങി. പിന്നീട് തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി ബെലന്ദൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിങ്കപ്പൂരിലേക്കാണ് ഇയാള്‍ ഏറ്റവും കൂടുതല്‍ തവണ പോയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2020-ല്‍ നടത്തിയ യൂറോപ്യന്‍ യാത്രയാണ് ഇതില്‍ ദൈര്‍ഘ്യമേറിയത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ 20 ദിവസത്തോളമാണ് ചെലവിട്ടത്. കാര്യമായ ജോലിയില്ലാത്ത ഇയാള്‍ വിദേശത്ത് എന്തുചെയ്യുകയായിരുന്നുവെന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
അരഹന്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 67,000 രൂപ മാത്രമാണ് മരവിപ്പിക്കുമ്പോള്‍ അക്കൗണ്ടുകളിലുണ്ടായിരുന്നത്. അക്കൗണ്ടുകളിലൂടെ നടന്ന മുന്‍ ഇടപാടുകള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.