ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതു തടഞ്ഞെന്ന പരാതിയിൽ ഇടപെട്ടു സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി യാത്ര ചെയ്യുന്നതിനെ ഇൻഡിഗോ അധികൃതർ തടഞ്ഞെന്നാണു പരാതി. മറ്റു യാത്രക്കാരുടെ സുരക്ഷ അപകടത്തിലാകും എന്നു പറഞ്ഞാണ് അധികൃതർ കുട്ടിയുടെ യാത്ര നിഷേധിച്ചത്. മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ഇൻഡിഗോ വിമാനക്കമ്പനിയുടെ സിഇഒ റോണോജോയ് ദത്ത ഖേദം പ്രകടിപ്പിച്ചു.
കുട്ടി വിമാനത്തിൽ കയറുന്നതിനുമുന്പ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അവസാന നിമിഷം വരെ ഗ്രൗണ്ട് സ്റ്റാഫ് കുട്ടി ശാന്തനാകാൻ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ അസ്വസ്ഥത മറ്റു യാത്രക്കാരെയും ബാധിച്ചേക്കാം എന്നു കരുതിയാണ് കുട്ടിക്ക് പ്രവേശനം നിഷേധിച്ചത്.
തുടർന്ന് കുട്ടിക്കും കുടുംബത്തിനും താമസസൗകര്യം നൽകിയെന്നും തൊട്ടടുത്ത ദിവസം തന്നെ യാത്രയ്ക്കുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും വിമാനക്കമ്പനി അറിയിച്ചു.