NEWS

ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിയും ആനവണ്ടിയുടെ അന്തകരാകുന്ന തൊഴിലാളികളും

പത്തനംതിട്ട : കെഎസ്ആർടിസി ഒരിക്കലും നന്നാകുമെന്ന് തോന്നുന്നില്ല.ഒരു സൈഡിൽ പുത്തൻ വണ്ടികൾ വാങ്ങി കട്ടപ്പുറത്തു കയറ്റി പൊതൂഗതാഗതത്തെ പറ്റി പഠിക്കാൻ ടൂർ നടത്തുന്ന ഉദ്യോഗസ്ഥർ.മറുവശത്ത് ആർക്കാണ്ടും വേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ.ഇല്ല പിള്ളേച്ചാ ഞാൻ നന്നാവൂല എന്ന് പറഞ്ഞതുപോലെയായി കാര്യങ്ങൾ.
ഇന്നലെ നടന്ന സംഭവമാണ്.ഡ്യൂട്ടിക്ക് വരാതെ സ്വിഫ്റ്റ് ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ രണ്ടുപേർ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയതോടെ പത്തനംതിട്ടയിൽ യാത്രക്കാർ കുടുങ്ങിയത് നാലര മണിക്കൂർ. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മംഗലാപുരത്തേക്ക് വൈകുന്നേരം അഞ്ച് മണിക്ക് പോവേണ്ടിയിരുന്ന ബസ്സിലെ ബുക്ക് ചെയ്ത യാത്രക്കാരാണ് ഡിപ്പോയിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
നാലു മണിക്ക് ജോലിയ്ക്കെത്തേണ്ട ഇരുവരും വന്നില്ല.ഉദ്യോഗസ്ഥർ മാറി മാറി രണ്ടുപേരേയും ഫോൺവിളിച്ചെങ്കിലും സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു.ഇതോടെ യാത്രക്കാർ ബഹളം വെച്ച് സ്റ്റാൻഡിൽ കുത്തിയിരുന്നു.റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെ 35ഓളംപേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
  ബഹളത്തിനിടെ മറ്റ് സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെ വിളിച്ചെങ്കിലും ആരും വരാൻ തയ്യാറായില്ല.കെഎസ്ആർടിസി ഡ്രൈവർമാരാകട്ടെ സ്വിഫ്റ്റ് ബസ് അവരുടെ ജീവനക്കാർതന്നെ ഓടിക്കട്ടെയെന്ന നിലപാടുമെടുത്തു.ഇതോടെ യാത്രക്കാർ മറ്റ് ബസുകൾ പോവുന്നതും തടയാൻ തുടങ്ങി. ഒടുവിൽ സംഗതി കൈവിട്ട സ്ഥിതിയായതോടെ ഡിപ്പോയിൽ നിന്ന് പത്താനപുരവുമായി ബന്ധപ്പെട്ടു. ഇവിടെ നിന്നും രണ്ടപേർ വരാമെന്ന് സമ്മതിച്ചതോടെയാണ് ആശങ്ക മാറിയത്.ഞയറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടേണ്ട ബസ് ഒടുവിൽ പുറപ്പെട്ടത് രാത്രി ഒമ്പതരയോടെ !!
മാസം 20 ഡ്യൂട്ടി പോലും ചെയ്യാത്തവർ ഇപ്പോഴും കോർപ്പറേഷനിൽ ധാരാളമുണ്ട്.ഇതുവഴി 300തൊട്ട് 350 സര്‍‌വീസ് വരെ ദിവസവും മുടങ്ങുന്നുമുണ്ട്.പിന്നെ സ്വന്തം യൂണിയൻ പണിമുടക്കിലെ ഗ്ലാസ് തല്ലി പൊട്ടിക്കൽ, ആളുകൾ കൈ കാണിച്ചാൽ ആക്സിലേറ്ററിൽ കൂടുതൽ ശക്തിയോടെ കാലമർത്തുന്നവർ,ബസ് സ്റ്റോപ്പിലെ ആൾക്കൂട്ടത്തെ കണ്ട് ഡബിൾ ബെൽ അടിക്കുന്നവർ … അങ്ങനെ ഒരുപാടുണ്ട് അനങ്ങാനാവാത്തവിധം ആനയുടെ കാലിൽ ചങ്ങല ചുറ്റിയ പാപ്പാൻമാർ കെഎസ്ആർടിസിയിൽ.
ശമ്പളമില്ല, പെൻഷനില്ല. അതിനിടയിലാണ് ജീവനക്കാരുടെ ഈ പാലം വലി.കാട്ടിലെ തടി തേവരുടെ ആന.വലിയെടാ വലി !!!

Back to top button
error: