കൊച്ചി:മേയര്‍ എം അനില്‍കുമാര്‍ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി 2021 ഒക്ടോബര്‍ ഏഴിനാണ് ‘സമൃദ്ധി @ കൊച്ചി’
ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.10 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണായിരുന്നു ഹോട്ടലിന്റെ പ്രത്യേകത.
മാസങ്ങള്‍ പിന്നിട്ടതോടെ 10 രൂപ ഊണിനൊപ്പം 30 രൂപയ്ക്ക് പൊരിച്ച മീനും ലഭ്യമാക്കി. പിന്നാലെ 20, 30 രൂപയ്ക്ക് പ്രാതലും. രാവിലെ 10.30 വരെ ഇഡ്ഡലി–സാമ്ബാര്‍, പൂരി–മസാല, മുട്ടക്കറി എന്നിവ കിട്ടും. പകല്‍ 11 മുതല്‍ 10 രൂപ ഊണ് വിളമ്ബും. 30 രൂപ നല്‍കിയാല്‍ ഊണിനൊപ്പം പൊരിച്ച മീനും കഴിക്കാം. ചൂര, മോദ, വറ്റ മീനുകളാണ് വില്‍ക്കുന്നത്. ദിവസം 750 മീന്‍ കഷ്ണംവരെ പൊരിക്കും.
പാഴ്സല്‍ ഉള്‍പ്പെടെ 3500 ഊണ് വില്‍ക്കുന്നുണ്ട്. പാഴ്സലിന് 15 രൂപ ഈടാക്കും. ഒരാള്‍ക്ക് പരമാവധി നാല് പാഴ്സല്‍ നല്‍കും. ചെറുയോഗങ്ങള്‍ക്ക് 25 രൂപ നിരക്കില്‍ ഊണ് നല്‍കും. പതിനഞ്ച് ജീവനക്കാരുമായി തുടങ്ങിയ സമൃദ്ധിയില്‍ ഇപ്പോള്‍ 30 പേരുണ്ട്. എല്ലാവരും കുടുംബശ്രീ പ്രവര്‍ത്തകര്‍.
എറണാകുളം പരമാര റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടല്‍ കെട്ടിടത്തിലാണ് സമൃദ്ധി ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.