മുംബൈ: പലിശ വരുമാനത്തിലെ വര്‍ധനവും കിട്ടാക്കടങ്ങള്‍ക്കായിയുള്ള നീക്കിയിരിപ്പ് കുറഞ്ഞതും കാരണം മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 64.90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 1,666 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം ഉയര്‍ന്ന് 7,005 കോടി രൂപയായി. മൊത്തത്തിലുള്ള പലിശ ഇതര വരുമാനം മാര്‍ച്ച് പാദത്തില്‍ 5.12 ശതമാനം കുറഞ്ഞ് 4,462 കോടി രൂപയായി.
മാര്‍ച്ച് പാദത്തില്‍ മൊത്തത്തിലുള്ള നിക്ഷേപങ്ങള്‍ 8 ശതമാനം ഉയര്‍ന്ന് 4,536 കോടി രൂപയായി. എന്നാല്‍ നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവച്ച പണം 52 ശതമാനം കുറഞ്ഞ് 2,130 കോടി രൂപയായി. നിഷ്‌ക്രിയ നിക്ഷേപങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ 244 കോടി രൂപയാണ് നീക്കിവച്ചതെങ്കില്‍ 2022 മാര്‍ച്ച് പാദത്തില്‍ ഇത് 1,035 കോടി രൂപയായി കുത്തനെ ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ പുതിയ സ്ലിപ്പേജുകള്‍ 3,619 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 14,495 കോടി രൂപയായിരുന്നു. ഇതോടെ മൊത്തത്തിലുള്ള നിഷ്‌ക്രിയ ആസ്തി അനുപാതം കഴിഞ്ഞ വര്‍ഷത്തെ 8.93 ശതമാനത്തില്‍ നിന്നും ഈ വര്‍ഷം 7.51 ശതമാനമായി കുറഞ്ഞു.
2023 സാമ്പത്തിക വര്‍ഷാവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 6 ശതമാനമായി കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ എല്‍ വി പ്രഭാകര്‍ പറഞ്ഞു. റീട്ടെയില്‍, കോര്‍പ്പറേറ്റ് വായ്പകളില്‍ 10 ശതമാനം വളര്‍ച്ചയോടെ, മൊത്തത്തില്‍ അഡ്വാന്‍സുകള്‍ 8 ശതമാനം വര്‍ധിപ്പിക്കാന്‍ സ്ഥാപനം പദ്ധതിയിടുന്നുണ്ടെന്നും 35,000 കോടി രൂപയുടെ പ്രോജക്ട് വായ്പ പൈപ്പ്ലൈന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജം, ആരോഗ്യം, ഉരുക്ക്, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നാണ് കോര്‍പ്പറേറ്റ് ഡിമാന്‍ഡ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.