BusinessTRENDING

റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്; ഓഹരി വിലയിലും മുന്നേറ്റം

2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്. 458.49 കോടി രൂപയുടെ അറ്റാദായമാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ബാങ്ക് നേടിയത്. മുന്‍ വര്‍ഷമിതേ കാലയളവിലെ 218.40 കോടി രൂപയേക്കാള്‍ 109.93 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിലെ 42.89 കോടി രൂപയില്‍ നിന്ന് 204.63 ശതമാനം വര്‍ധനയോടെ 130.67 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷമിതേ കാലയളവിലെ 515.52 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധനയോടെ 613.72 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22.51 ശതമാനം വര്‍ധനയോടെ 1153.30 കോടി രൂപയിലെത്തി. വര്‍ധന 211.91 കോടി രൂപയാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 10.20 ശതമാനം വര്‍ധനയോടെ 303.83 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 4.81 ശതമാനത്തില്‍നിന്ന് 5.27 ശതമാനമായി ഉയര്‍ന്നു.

Signature-ad

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 100 ശാഖകള്‍ പുതിയതായി തുറന്നു. ഡിപ്പോസിറ്റ് 5.48 ശതമാനം വര്‍ധനയോടെ 20188.3 കോടി രൂപയായി വര്‍ധിച്ചപ്പോള്‍ വായ്പ 9.53 ശതമാനം വളര്‍ച്ചയോടെ 15814.68 കോടി രൂപയായി. സ്വര്‍ണപ്പണയവായ്പ 7.16 ശതമാനം വര്‍ധനയോടെ 6570 കോടി രൂപയിലെത്തി. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ഫലം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഓഹരി വിപണിയില്‍ സിഎസ്ബി ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. എട്ട് ശതമാനം ഉയര്‍ച്ചയില്‍ 223.50 രൂപ എന്ന നിലയിലാണ് സിഎസ്ബി ബാങ്ക് വെള്ളിയാഴ്ച വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്.

Back to top button
error: